എപ്സ്റ്റീന്‍ ബന്ധത്തില്‍ നുണപറഞ്ഞെന്ന് വ്യക്തമായ ശേഷവും നാണമില്ലാതെ പിടിച്ചുതൂങ്ങാന്‍ നോക്കിയ ആന്‍ഡ്രൂവിനെ രാജാവ് ഗത്യന്തരമില്ലാതെ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സ്വയം ഒഴിഞ്ഞില്ലെങ്കില്‍ പദവികള്‍ ഔദ്യോഗികമായി പിടിച്ചെടുക്കുകയും, അതിന്റെ നാണക്കേട് കൂടി ചുമക്കേണ്ടി വരികയും ചെയ്യുമെന്നാണ് രാജാവ് ഭീഷണി മുഴക്കിയത്.
ഡ്യൂക്ക് പദവിയും, മറ്റ് സ്ഥാനമാനങ്ങളും ഒഴിയാന്‍ തയ്യാറായില്ലെങ്കില്‍ കൂടുതല്‍ നടപടി വരുമെന്നാണ് 76-കാരനായ ചാള്‍സ് വ്യക്തമാക്കിയത്. തെളിവുകള്‍ എല്ലാം തനിക്കെതിരെ വന്നിട്ടും 65-കാരനായ മുന്‍ യോര്‍ക്ക് ഡ്യൂക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ തന്റെ സ്ഥാനത്തില്‍ പിടിച്ചുകൂടിയെന്നാണ് വ്യക്തമാകുന്നത്.
ഇത് രാജാവിന് അസഹനീയമായി മാറിയെന്ന് ശ്രോതസ്സുകള്‍ വെളിപ്പെടുത്തി. ഇത് ഒഴിവാക്കാന്‍ പാര്‍ലമെന്റ് വഴി നീങ്ങി ആന്‍ഡ്രൂവിന്റെ സ്ഥാനങ്ങള്‍ തിരിച്ചുപിടിക്കേണ്ട നടപടിയിലേക്ക് നീങ്ങേണ്ട അവസ്ഥ ഒഴിവാക്കാന്‍ ചാള്‍സ് ശ്രമിച്ചു. സ്വയം മാറിയില്ലെങ്കില്‍ ഇൗ വഴി പോകുമെന്ന് ചാള്‍സ് നേരിട്ട് ആന്‍ഡ്രൂവിനെ അറിയിക്കുകയും ചെയ്തു.
പാര്‍ലമെന്റിന് പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉള്ളപ്പോള്‍ ഇതുപോലൊരു വിഷയത്തില്‍ സമയം പാഴാക്കേണ്ടതില്ലെന്നായിരുന്നു ചാള്‍സിന്റെ നിലപാട്. തനിക്ക് മറ്റ് വഴികളില്ലെന്ന് തിരിച്ചറിഞ്ഞതോടെ ആന്‍ഡ്രൂ ആ പ്രഖ്യാപനം നടത്താന്‍ നിര്‍ബന്ധിതമാകുകയായിരുന്നു.
അതേസമയം തനിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ ഇരയ്‌ക്കെതിരെ തെളിവുകള്‍ ശേഖരിക്കാന്‍ ആന്‍ഡ്രൂ മെട്രോപൊളിറ്റന്‍ പോലീസിന്റെ സഹായം തേടിയെന്ന വിവരം ഇപ്പോള്‍ തിരിഞ്ഞുകൊത്തുകയാണ്. വിഷയത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.