ജന്മം കൊണ്ട് രാജകുടുംബത്തില്‍ ജനിച്ചത് കൊണ്ട് മാത്രം ഗുണങ്ങള്‍ അനുഭവിക്കുന്ന നിരവധി പേരുണ്ട്. അതിലൊരാളാണ് ആന്‍ഡ്രൂ രാജകുമാരന്‍. ഇതുവരെ ചെയ്തുകൂട്ടിയ കടുംകൈകള്‍ക്കെല്ലാം അയാള്‍ക്ക് ഈ 65-ാം വയസ്സിലാണ് അനുഭവിക്കേണ്ടി വരുന്നത്. ഇതിനിടയിലാണ് രണ്ട് ദശകക്കാലമായി ആന്‍ഡ്രൂ താമസിക്കുന്ന റോയല്‍ ലോഡ്ജിന് വാടക നല്‍കിയിട്ടില്ലെന്ന് വ്യക്തമാകുന്നത്.
2003-ല്‍ 1 മില്ല്യണ്‍ പൗണ്ട് നല്‍കി ലീസിനാണ് ഈ താമസസ്ഥലം ആന്‍ഡ്രൂ നേടിയത്. ഇതിന് പുറമെ 7.5 മില്ല്യണ്‍ പൗണ്ട് ചെലവിട്ട് മോടിപിടിപ്പിക്കലും നടത്തി. ഇത് മുന്‍കൂര്‍ തുകയായി കണക്കാക്കിയാണ് ആന്‍ഡ്രൂ വാടക നല്‍കാതെ രക്ഷപ്പെടുന്നതെന്നാണ് ലീസ് കോപ്പി പുറത്തുവന്നതോടെ വ്യക്തമാകുന്നത്.
2078 വരെയാണ് ലീസ് കാലാവധി. ഇതിന് മുന്‍പ് ഇയാള്‍ താമസം ഒഴിഞ്ഞാല്‍ മില്ല്യണ്‍ കണക്കിന് പൗണ്ട് അങ്ങോട്ട് കൊടുക്കേണ്ട അവസ്ഥയിലാണ് ക്രൗണ്‍ എസ്‌റ്റേറ്റ്. ഇതിനിടെ ബക്കിംഗ്ഹാം കൊട്ടാരം ആന്‍ഡ്രൂവിന് എതിരായ നടപടികള്‍ തുടരുകയാണ്. കൊട്ടാരത്തിന്റെ വെബ്‌സൈറ്റില്‍ നിന്നും യോര്‍ക്ക് ഡ്യൂക്ക് സ്ഥാനം നീക്കം ചെയ്തു. എപ്സ്റ്റീന്‍ ലൈംഗിക വിവാദത്തില്‍ പെട്ട ആന്‍ഡ്രൂവിന്റെ സ്ഥാനനഷ്ടങ്ങളാണ് വെബ്‌സൈറ്റിലും പ്രതിഫലിച്ചത്.
ആന്‍ഡ്രൂവിന്റെ മുന്‍ ഭാര്യ ഇതുവരെ അലങ്കാരമായി ഒപ്പം കൂട്ടിയ 'സാറാ ദി ഡച്ചസ്' എന്ന പേര് ഇവരുടെ എക്‌സ് അക്കൗണ്ടില്‍ നിന്നും നീക്കിയിട്ടുണ്ട്. ആന്‍ഡ്രൂവിനെ കൊണ്ടുള്ള ഉപദ്രവം സഹിക്കാന്‍ കഴിയാത്ത നിലയിലേക്ക് എത്തിയതോടെയാണ് വില്ല്യംമിന്റെ കൂടി ഉപദേശം സ്വീകരിച്ച് കടുത്ത നടപടിയിലേക്ക് നീങ്ങിയത്. സ്വയം സ്ഥാനങ്ങള്‍ ഒഴിയാത്ത പക്ഷം ഔദ്യോഗികമായി പുറത്താക്കലുണ്ടാകുമെന്ന് രാജാവ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
എപ്സ്റ്റീനുമായി അടുപ്പം പുലര്‍ത്തിയ രാജകുമാരന്‍ ഇയാളുടെ ചെയ്തികള്‍ക്കൊപ്പം നിന്നുവെന്നാണ് ഇപ്പോള്‍ രേഖകള്‍ തെളിവാകുന്നത്. കൂടാതെ മുന്‍ ഭാര്യ ഫെര്‍ഗൂസണ്‍ എപ്സ്റ്റീനില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കുകയും ചെയ്തുവെന്ന് വ്യക്തമായിട്ടുണ്ട്. യുഎസ് കോണ്‍ഗ്രസ് പരിശോധിക്കുന്ന രേഖകള്‍ അധികം വൈകാതെ പൂര്‍ണ്ണമായി പുറത്തുവരുന്നതോടെ നാണക്കേട് പൂര്‍ണ്ണമാകും.