Breaking Now

രവിശങ്കറിനുള്ള ഗ്രാമി പുരസ്‌കാരം മക്കള്‍ ഏറ്റുവാങ്ങി

സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ്‌ രവിശങ്കറിനുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ്‌ ഗ്രാമി പുരസ്‌കാരം അദ്ദേഹത്തിന്റെ മക്കള്‍ ഏറ്റുവാങ്ങി.

അനുഷ്‌ക ശങ്കര്‍, നോറാ ജോണ്‍സ്‌ എന്നിവര്‍ ചേര്‍ന്നാണു  വില്‍ഷൈര്‌   ഏബെല്‍ തീയറ്ററില്‍ ചേര്‍ന്ന ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്‌.
കഴിഞ്ഞ ഡിസംബര്‍ 11 നാണു പണ്ഡിറ്റ്‌ രവിശങ്കര്‍ അന്തരിച്ചത്‌. 'മരിക്കുംമുമ്പ്‌ പുരസ്‌കാരം ലഭിച്ചതായി അദ്ദേഹം അറിഞ്ഞിരുന്നു. ഗ്രാമി ഏറ്റുവാങ്ങാന്‍ ഏറെ ആകാംക്ഷയോടെയാണ്‌ അദ്ദേഹം കാത്തിരുന്നത്‌. സംഗീതത്തിനായാണ്‌ അദ്ദേഹം ജീവിച്ചത്‌.'- ഒന്‍പതു തവണ ഗ്രാമി പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ള നോറാ ജോണ്‍സ്‌ പറഞ്ഞു.
92 വയസുവരെ അദ്ദേഹം ആരോഗ്യവാനായി ജീവിച്ചതിനു താന്‍ അമ്മയോടു നന്ദി പറയുന്നതായി അനുഷ്‌ക പറഞ്ഞു. മരിക്കുന്നതിനു ആഴ്‌ചകള്‍ക്കു മുമ്പ്‌ വരെ സംഗീത പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. സംഗീതം സമാധാനം കൊണ്ടുവരുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസമെന്ന്‌ അനുഷ്‌ക പറഞ്ഞു. മൂന്നു തവണ ഗ്രാമി പുരസ്‌കാരം നേടിയിട്ടുള്ള പണ്ഡിറ്റ്‌ രവിശങ്കര്‍ ഇന്ത്യന്‍ ശാസ്‌ത്രീയ സംഗീതത്തിനു പാശ്‌ചാത്യലോകത്തു പ്രചാരം നല്‍കിയവരില്‍ പ്രമുഖനാണ്‌.




കൂടുതല്‍വാര്‍ത്തകള്‍.