പ്രണയ വർണ്ണങ്ങൾ
******************
ഓർക്കുന്നുവോ പ്രിയാ ഒരു കൊച്ചുകവിത പോൽ
നമ്മുടെ പ്രേമ സമാഗമ വേളകൾ
ആരതിക്കുന്നിലെ ആലിൻചുവട്ടിലായ്
അന്നു നീയെന്നെ നോക്കിയിരുന്നതും
പിന്നിലൂടപ്പോൾ ഒളിച്ചു ഞാൻ വന്നതും
നിന്റെ കണ് പൊത്തിക്കളിച്ചു രസിച്ചതും
മന്ദമായ് വീശിയ കാറ്റിലുലഞ്ഞൊരെൻ
പാവാടത്തുംബിൽ പിടിച്ചു വലിച്ചതും
അതുകണ്ടു നാണിച്ച ആകാശദേവത
ചാറ്റൽമഴയപ്പോൾ കോരിച്ചൊരിഞ്ഞതും
മഴയിൽ നനഞ്ഞു കുതിർന്നൊരെൻ ചുണ്ടിൽ നീ
പ്രേമാർദ്രമാം ചുടുചുംബനം തന്നതും
അണ്ണാരക്കണ്ണന്മാർ ആവേശത്തോടപ്പോൾ
ആർപ്പു വിളിച്ചു ചിലുചിലു വെച്ചതും
ആൽമര മുത്തശ്ശി കുസൃതിയോടപ്പോൾ
ആലിലയൊന്നു കൊഴിച്ചു വീഴിച്ചതും
അതിലൂടെ പോയൊരു മാരുതൻ അതുകണ്ടു
മോഹിച്ചു നമ്മളെ മുറുകെപ്പുണർന്നതും
ഓർക്കുന്നു ഞാനിന്നുമിന്നലെയെന്നപോൽ
നമ്മുടെ പ്രേമമനോജ്ഞ നിമിഷങ്ങൾ