Breaking Now

രാജീവ് ഗാന്ധി വധം : വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ ശിക്ഷ ഇനി നടപ്പിലാക്കരുതെന്ന് ജസ്റ്റിസ് കെ.ടി തോമസ്.

കേസില്‍ സുപ്രിംകോടതി വധശിക്ഷ വിധിച്ച പേരറിവാളന്‍, മുരുകന്‍, ശാന്തന്‍ എന്നിവരുടെ വധശിക്ഷ നടപ്പിലാക്കരുതെന്നാണ് ജസ്റ്റീസ് കെ.ടി തോമസ് അഭിപ്രായപ്പെട്ടത്.

ജീവപര്യന്തത്തേക്കാള്‍ അവര്‍ അനുഭവിച്ചു കഴിഞ്ഞു. സംഭവത്തില്‍ 22 വര്‍ഷം ജയിലില്‍ കിടന്നവരെ തൂക്കിലേറ്റിയാല്‍ ഇരട്ട ശിക്ഷയാണ് നല്‍കേണ്ടിവരിക. അത് ഭരണഘടനാ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വരഹിതവുമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച സുപ്രീംകോടതി ബെഞ്ചിന്റെഅധ്യക്ഷനായിരുന്നു ജസ്റ്റിസ് കെ.ടി തോമസ്.  

പ്രതികളുടെ ദയാഹരജി കഴിഞ്ഞ ദിവസം രാഷ്ട്രപതി തള്ളിയിരുന്നു. എന്നാല്‍ ശിക്ഷ നടപ്പിലാക്കുന്ന കാര്യത്തില്‍ പുന:പരിശോധന നടത്തണമെന്നും കെ.ടി തോമസ് പറഞ്ഞു. 2010ല്‍ പരിഗണിച്ച മറ്റൊരു കേസില്‍ ജസ്റ്റിസ് എസ്.പി സിന്‍ഹയുടെ വിധിയില്‍ പ്രതികളുടെ മുന്‍കാല ജീവിതവും  സ്വഭാവവും ശിക്ഷ വിധിക്കപ്പോള്‍ പരിഗണിക്കണമെന്ന ഉത്തരവുണ്ടായിരുന്നു.  1983ലെ ഭരണഘടനാ ബില്ലനുസരിച്ച് ജസ്റ്റിസ്  സിന്‍ഹ പുറപ്പെടുവിച്ച ഉത്തരവ് രാജീവ് ഗാന്ധി വധക്കേസിലും ബാധകമാക്കണമെന്നും കെ.ടി തോമസ് വ്യക്തമാക്കി.

1998ല്‍ ചെന്നൈയിലെ ടാഡാ പ്രത്യേക കോടതി 26 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. 1999ല്‍ സുപ്രീംകോടതി പേരറിവാളന്‍, മുരുകന്‍, ശാന്തന്‍, മുരുകന്റെഭാര്യ നളിനി എന്നിവരുടെ വധശിക്ഷ ശരിവെക്കുകയായിരുന്നു. ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായി ജസ്റ്റിസുമാരായ ബി.പി വാദ്വ, സയ്യിദ് ഷാ ഖാദ്രി എന്നിവരടങ്ങിയ  മൂന്നംഗ ബെഞ്ചാണ് സുപ്രീംകോടതി ശിക്ഷ ശരിവെച്ചത്. പിന്നീട് സോണിയാ ഗാന്ധി ഇടപ്പെട്ട് നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.