Breaking Now

ഭാരതപ്പുഴയില്‍ ലോറികളിറക്കി വീണ്ടും മണലെടുപ്പ്

നദീതീര സംരക്ഷണ മണല്‍ വാരല്‍ നിയന്ത്രണ നിയമം ലംഘിച്ച് തൃത്താല നിയോജകമണ്ഡലത്തില്‍ ഭാരതപ്പുഴയുടെ മധ്യത്തിലേക്ക് ലോറികളിറക്കി വീണ്ടും മണല്‍ക്കൊള്ള വ്യാപകമാകുന്നു.

പോലീസിന്റെയും പഞ്ചായത്തധികൃതരുടെയും ഒത്താശയോടെയാണ്  മണലെടുപ്പ് പുരോഗമിക്കുന്നത്. പുഴയുടെ തീരം കൃത്യമായി അടയാളപ്പെടുത്തണമെന്ന് ആവശ്യം കളക്ടര്‍ അവഗണിച്ചു. ഇതിനലാണ് മണലെടുപ്പിനെതിരെ നടപടിയെടുക്കാത്തതെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

ഭാരതപ്പുഴയുടെ മധ്യത്തില്‍ ലോറികളിറക്കി നിയമവിരുദ്ധമായി മണല്‍ക്കൊള്ള നടത്തുന്നതിനെക്കുറിച്ച് നേരത്തെ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് തൃത്താല മണ്ഡലത്തിലെ കടവുകളില്‍ മണല്‍ പാസ് വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
ലോറികള്‍ പുഴയിലേക്ക് ഇറക്കുകയില്ലെന്ന് തൊഴിലാളി യൂണിയനുകള്‍ പഞ്ചായത്തധികൃതര്‍ക്ക് രേഖാമൂലം ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും മണല്‍ വാരാന്‍ അനുമതി നല്‍കി.

എന്നാല്‍ ഇതെല്ലാം കാറ്റില്‍പ്പറത്തിയാണ് തൊഴിലാളി യൂണിയനുകളുടെ തന്നെ നേതൃത്വത്തില്‍ പുഴയിലേക്ക് ലോറികളിറക്കി മണല്‍വാരുന്നത്. ആനക്കര പഞ്ചായത്തിലെ കാറ്റാടിക്കടവ്, കൂട്ടക്കടവ്, അയ്യപ്പന്‍കാവ് കടവ്, പേരശന്നൂര്‍ കടവ് എന്നിവിടങ്ങളിലാണ് കൂടുതലായും ലോറികള്‍ മണലെടുക്കുന്നത്.

കടവുകള്‍ക്ക് 25 മീറ്റര്‍ അകലെ ലോറി നിര്‍ത്തി തലച്ചുമടായി മണല്‍ നിറയ്ക്കണമെന്നാണ് നിയമം. എന്നാല്‍ കടവുകള്‍ പുനര്‍ നിര്‍ണയിക്കാത്തതിനാല്‍ ലോറികളിറക്കുന്നത് പുഴയിലേക്കാണെന്ന് പറയാനാകില്ലെന്നും പുഴയുടെ തീരം കൃത്യമായി അളന്നുതിരിക്കണമെന്ന തങ്ങളുടെ ആവശ്യം കലക്ടര്‍ ചെവിക്കൊള്ളാത്തതാണ് നിയമനടപടിയെടുക്കാന്‍ തടസമാകുന്നതെന്നുമാണ് ആനക്കര പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.

പോലീസിന്റെ കണ്‍മുന്നിലൂടെയാണ് പുഴയുടെ മധ്യത്തുനിന്ന് മണലുമായി ലോറികള്‍ പോകുന്നത്. നിയമവിരുദ്ധമായി മണല്‍വാരുന്നതിനെതിരെ കേസെടുക്കാമെന്നിരിക്കെ ലോറികള്‍ റോഡരികില്‍ തടഞ്ഞു നിര്‍ത്തി പാസുണ്ടോയെന്ന്  പരിശോധിക്കുന്നതല്ലാതെ മറ്റൊരു നടപടിയും പോലീസും സ്വീകരിക്കുന്നില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.