Breaking Now

ഭാവഭേദങ്ങളില്ലാതെ ജഗതി

ഒരുവര്‍ഷമായി ആളും ബഹളവുമൊഴിഞ്ഞ വീട്ടിലിപ്പോള്‍ ആഹ്ളാദാരവങ്ങള്‍ മടങ്ങിയെത്തിയിരിക്കുന്നു.

ശാന്തവും നിശ്ചലവുമായിരുന്നു ആ മുഖം. നവരസങ്ങളും ഒന്നായലിഞ്ഞ് ഭാവഭേദങ്ങളില്ലാതായ പോലെ. എങ്കിലുമത് പ്രസന്നമായിരുന്നു. ചുണ്ടുകളില്‍ ചെറുപുഞ്ചിരി വിടരാനാഞ്ഞു നിന്നു. തുരുതുരാ മിന്നിയ ഫ്ളാഷുകള്‍ക്കും പല ആംഗിളുകളില്‍ നിന്ന് നീണ്ടുവന്ന കാമറകള്‍ക്കും പാതി വിരിഞ്ഞ ആ ചിരി ധാരാളമായിരുന്നു. ഒരായുസ്സു മുഴുവന്‍ കാമറക്ക് മുന്നില്‍ ജീവിച്ച മഹാനടന്‍ ചിത്രീകരിക്കാന്‍ ബാക്കിവെച്ചത് ഈ ഭാവം മാത്രമായിരുന്നിരിക്കണം. അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയിലായിരുന്ന നടന്‍ ജഗതി ശ്രീകുമാറിന്‍െറ തിരിച്ചുവരവായിരുന്നു ആ ചിരിയും ഭാവവും.
വെല്ലൂരിലെ ചികിത്സക്ക് ശേഷം തിരുവനന്തപുരത്ത് വന്ന ജഗതിയെ കാണാന്‍ കുടുംബം തന്നെ മാധ്യമങ്ങള്‍ക്ക് അവസരമൊരുക്കുകയായിരുന്നു. ഉച്ചകഴിഞ്ഞപ്പോള്‍ തന്നെ മാധ്യമപ്പട പേയാട്ടുള്ള ജഗതിയുടെ വസതി വളഞ്ഞിരുന്നു. വൈകുന്നേരം നാലിന് വീല്‍ചെയറില്‍ ജഗതി വീട്ടുമുറ്റത്തെത്തി. ഒപ്പം ഭാര്യ ശോഭ, മകന്‍ രാജ് കുമാര്‍, മരുമകള്‍ പിങ്കി, മകള്‍ പാര്‍വതി, മരുമകന്‍ ഷോണ്‍ ജോര്‍ജ് എന്നിവരും കൊച്ചുമക്കളും. വെള്ള വസ്ത്രവും കറുത്ത കണ്ണടയും ധരിച്ചെത്തിയ ജഗതിക്ക് മുന്നിലേക്ക് ചാനല്‍ മൈക്കുകള്‍ നീണ്ടു. പറയാന്‍ വാക്കുകള്‍ പരതിയപ്പോള്‍ പിറകില്‍ നിന്ന് മകളുടെ സഹായം. അതുകേള്‍ക്കാന്‍ പതിയെ തല ചരിച്ചു. എന്നിട്ടും വാക്കുകള്‍ വന്നില്ല. പക്ഷേ പറയാന്‍ പലതുമുണ്ടെന്ന്  ആ മുഖത്തുണ്ടായിരുന്നു. കണ്ണില്‍, നീണ്ട ഇടവേളക്ക് ശേഷം കാമറക്കൂട്ടം കണ്ട കൗതുകവും. പത്ത് മിനിറ്റോളം മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലിരുന്ന ജഗതി പിന്നെ മുറിയിലേക്ക് മടങ്ങി. അപ്പോള്‍ മക്കളും അമ്മയും ആരോഗ്യനിലയും രോഗ വിവരങ്ങളും വിശദീകരിച്ചു. ശോഭ വീട്ടുകാര്യം പറഞ്ഞു: ‘കാമറയെയും സിനിമാപ്രവര്‍ത്തകരെയും കാണുമ്പോള്‍ സന്തോഷമുണ്ടാകുന്നുണ്ട്. പഴയ കഥകള്‍ കേള്‍ക്കാനാണ് ഏറെയിഷ്ടം. സിനിമകള്‍ കാണുന്നുണ്ട്. അടുത്ത സുഹൃത്തുക്കളെ കാണുമ്പോള്‍ സന്തോഷം പ്രകടം. കൊച്ചുമക്കളുടെ കുസൃതികള്‍ക്ക് മുഖത്ത് പ്രതികരണമുണ്ടാകുന്നുണ്ട്. സംസാരിക്കാനുള്ള പ്രവണത വ്യക്തമായതും അങ്ങനെതന്നെ. വലതു കൈയില്‍ കമ്പിയിട്ടതിനാല്‍ ചലിപ്പിക്കാനാകില്ല.’ രാജ്കുമാര്‍ ചികിത്സയും പുരോഗതിയും വ്യക്തമാക്കി: ‘പൂര്‍ണ ആരോഗ്യവാനാകാന്‍ രണ്ടുവര്‍ഷമെങ്കിലുമെടുക്കും. വെല്ലൂരിലെ ചികിത്സ തന്നെയാണ് തുടരുന്നത്. ഫിസിയോ തെറപ്പി ചെയ്യുന്നുണ്ട്. ആയുര്‍വേദം പരീക്ഷിക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോള്‍ അത് ആലോചിച്ചിട്ടില്ല. പഴയ സുഹൃത്തുക്കളെ തിരിച്ചറിയുന്നുണ്ട്. ഓര്‍മശക്തി വീണ്ടെടുത്തു. ചലന ശേഷി വീണ്ടെടുക്കുന്ന ചികിത്സകളാണ് പ്രധാനമായി ചെയ്യുന്നത്.’ ഒരുവര്‍ഷമായി ആളും ബഹളവുമൊഴിഞ്ഞ വീട്ടിലിപ്പോള്‍ ആഹ്ളാദാരവങ്ങള്‍ മടങ്ങിയെത്തിയിരിക്കുന്നു; കുടുംബത്തിനും കൂട്ടുകാര്‍ക്കും കൂടുതല്‍ പ്രതീക്ഷയും.




കൂടുതല്‍വാര്‍ത്തകള്‍.