ബൈബിളെന്ന പേരില്‍ ഹെറോയിന്‍ കടത്തിയ കള്ളക്കടത്തുകാരന് 17 വര്‍ഷം ജയില്‍ശിക്ഷ. 3 മില്ല്യണ്‍ പൗണ്ടിന്റെ മയക്കുമരുന്നാണ് 39-കാരനായ രാംപര്‍സാദ് കാലീ ബ്രിട്ടനിലേക്ക് കടത്താന്‍ ശ്രമിച്ചത്. കേവലം ഏഴ് മിനിറ്റ് കൊണ്ടാണ് ക്ലാസ് എ മയക്കുമരുന്ന് ഇറക്കിയ പ്രതിക്ക് ജൂറി ശിക്ഷ വിധിച്ചത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഫ്രാന്‍സില്‍ നിന്നുമുള്ള ചാനല്‍ ടണലില്‍ വെച്ച് കാലിയെ തടഞ്ഞു. വെസ്റ്റ് ലണ്ടനിലെ ഫെല്‍താമില്‍ ബന്ധുക്കളെ കാണാനായി എത്തിയതാണെന്നായിരുന്നു അവകാശവാദം. എന്നാല്‍ ബോര്‍ഡര്‍ ഫോഴ്‌സ ഉദ്യോഗസ്ഥര്‍ മെഴ്‌സിഡസ് പരിശോധിച്ചതോടെയാണ് ബൂട്ടില്‍ രഹസ്യമായി കംപാര്‍ട്ട്‌മെന്റ് ഒരുക്കി 3.2 മില്ല്യണ്‍ പൗണ്ടിന്റെ മയക്കുമരുന്ന് കണ്ടെത്തിയത്.
60 പാക്കറ്റുകളിലാണ് ഹെറോയിന്‍ ഒളിപ്പിച്ചിരുന്നത്. മുന്‍പ് പല തവണ ബ്രിട്ടനിലേക്ക് യാത്ര ചെയ്ത കാലി ബൈബിള്‍ ഇറക്കുമതി ചെയ്യുന്നുവെന്നാണ് അവകാശപ്പെട്ടത്. എന്നാല്‍ കള്ളക്കടത്ത് കൈയോടെ പിടികൂടിയതോടെ കോടതിക്ക് കൂടുതല്‍ തെളിവുകള്‍ ആവശ്യമായി വന്നില്ല. സംഘടിത ക്രിമിനല്‍ സംഘങ്ങളാണ് കാലിയെ പോലുള്ളവരെ കൊറിയറായി ഉപയോഗിച്ചിരുന്നത്.