ബ്രിട്ടന്റെ ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ ധവളപത്രം പ്രഖ്യാപിച്ച് ഗവണ്‍മെന്റ്. 2025 ജൂലൈ 22 മുതല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ വിസകളുടെ ശമ്പള, യോഗ്യത പരിധികള്‍ ഉയര്‍ത്തുമെന്നതാണ് സുപ്രധാന മാറ്റം. പുതിയ അപേക്ഷകര്‍ക്ക് ബാച്ചിലര്‍ ഡിഗ്രിയോ, തുല്യമായ ആര്‍ക്യുഎഫ് ലെവല്‍ 6 യോഗ്യതയും ആവശ്യമായി വരും.
ഈ മാറ്റം വരുന്നതോടെ സ്‌കില്‍ഡ് വര്‍ക്കര്‍ റൂട്ടില്‍ യോഗ്യതയുള്ള ജോലികളില്‍ ഏകദേശം 180 എണ്ണം അയോഗ്യതയായി മാറും. നിലവില്‍ സ്‌കില്‍ഡ് വര്‍ക്കറായി സ്‌പോണ്‍സര്‍ ചെയ്യപ്പെട്ട് രാജ്യത്തുള്ളവര്‍ക്ക് ഇത് തുടരും.
2025 ഏപ്രിലില്‍ ചെറിയ വര്‍ദ്ധന മാത്രം നടപ്പാക്കിയ ശേഷമാണ് ധവളപത്രത്തില്‍ വന്‍ പ്രഖ്യാപനമുള്ളത്. സ്‌കില്‍ഡ് വര്‍ക്കര്‍ വിസയില്‍ മിനിമം സാലറി 38,700 പൗണ്ടില്‍ നിന്നും 41,700 പൗണ്ടിലേക്കാണ് ഉയര്‍ത്തുക. പിഎച്ച്ഡിയുള്ളവരുടെ മിനിമം സാലറി 34,830 പൗണ്ടില്‍ നിന്നും 37,500 പൗണ്ടിലേക്കാണ് ഉയരുന്നത്.
മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി മാറ്റങ്ങളില്‍ റിവ്യൂ നടത്തിയ ശേഷം അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം മലയാളികള്‍ക്ക് ഉള്‍പ്പെടെ വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് സോഷ്യല്‍ കെയര്‍ വര്‍ക്കര്‍ മേഖലകയില്‍ വിദേശ റിക്രൂട്ട്‌മെന്റിന് സമ്പൂര്‍ണ്ണ നിരോധനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2025 ജൂലൈ 22 മുതല്‍ ഈ റിക്രൂട്ട്‌മെന്റിന് അന്ത്യം കുറിയ്ക്കും. കെയര്‍ മേഖലയില്‍ വന്‍തോതില്‍ ചൂഷണവും, ദുരുപയോഗവും അരങ്ങേറുന്ന സാഹചര്യത്തിലാണ് നടപടി. പുതിയ വിദേശ അപേക്ഷകള്‍ ഇനി സ്വീകരിക്കില്ല. 2028 ജൂലൈ 22 വരെ നിലവില്‍ രാജ്യത്തുള്ള വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് സ്വിച്ചിംഗ് അനുവദിക്കും.
ഇതുകൂടാതെ താല്‍ക്കാലിക ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റും പ്രാബല്യത്തില്‍ വരും. ഡിഗ്രിക്ക് താഴെയുള്ള ജോലികള്‍ക്ക് സമയപരിമിതമായ പ്രവേശനമാണ് ലഭിക്കുക, അതും യുകെയുടെ വ്യവസായ മേഖലകള്‍ക്ക് പിന്തുണ വേണ്ട ജോലികളില്‍ മാത്രമായി പരിമിതപ്പെടുത്തും. താല്‍ക്കാലിക ഷോര്‍ട്ടേജ് ലിസ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇനി ഡിപ്പന്റന്‍ഡ്‌സിനെ കൊണ്ടുവരാനും സാധിക്കില്ല.
യുകെയില്‍ നിന്നുള്ളവരെ പരിശീലിപ്പിച്ച്, റിക്രൂട്ട് ചെയ്യാന്‍ എല്ലാ മേഖലകളും വ്യക്തമായ പദ്ധതി തയ്യാറാക്കണമെന്ന് ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ വ്യക്തമാക്കി.