യുകെയില്‍ പിടിമുറുക്കി പുതിയ കൊവിഡ് സ്‌ട്രെയിന്‍. ആഴ്ചകള്‍ക്കുള്ളില്‍ ഈ വേരിയന്റ് രാജ്യത്ത് നിലയുറപ്പിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ആശങ്കപ്പെടുന്നത്. പ്രതിരോധ ശേഷിയെ മറികടക്കുന്നുവെന്നതാണ് ഈ വേരിയന്റിനെ ആശങ്കയോടെ കാണാന്‍ പ്രേരിപ്പിക്കുന്നത്.
എക്‌സ്എഫ്ജി എന്ന് ഔദ്യോഗികമായി വിളിക്കപ്പെടുന്ന, സ്ട്രാറ്റസ് വേരിയന്റാണ് രാജ്യത്ത് പടരുന്നത്. കഴിഞ്ഞ മാസം നിംബസ് വേരിയന്റ് പടര്‍ന്ന സ്ഥാനത്താണ് ഈ മാസം സ്ട്രാറ്റസ് പടര്‍ന്നുപിടിക്കുന്നത്. തൊണ്ടയില്‍ കത്തി കൊണ്ട് കുത്തുന്ന വേദനയാണ് നിംബസ് സമ്മാനിച്ചതെങ്കില്‍ ഇപ്പോഴത്തെ വേരിയന്റിന് മറ്റൊരു തരത്തിലാണ് ലക്ഷണമുള്ളത്.
ഒരു മാസത്തിനിടെയാണ് സ്ട്രാറ്റസിന്റെ മുന്നേറ്റം. മുന്‍പ് കൊവിഡ് പിടിപെട്ടവര്‍ക്കും, ഇഞ്ചക്ഷനെടുത്തവര്‍ക്കും ഉള്‍പ്പെടെ രോഗം പിടിപെടുന്ന തരത്തിലാണ് വേരിയന്റ്. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഡാറ്റ പ്രകാരം സ്ട്രാറ്റസ് ഇംഗ്ലണ്ടിലെ പ്രധാന കൊവിഡ് സ്‌ട്രെയിനായി മാറിക്കഴിഞ്ഞു.
മേയ് മധ്യത്തില്‍ 10 ശതമാനം മാത്രമായിരുന്നു സ്ട്രാറ്റസ്, ജൂണ്‍ മധ്യത്തോട ഇത് 40 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. സ്ട്രാറ്റസിന്റെ രണ്ട് വേരിയന്റുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്- എക്‌സ്എഫ്ജി, എക്‌സ്എഫ്ജി.3 എന്നിവയാണത്. ശബ്ദം വല്ലാതെ ഇടറുന്ന അവസ്ഥയാണ് സ്ട്രാറ്റസ് സൃഷ്ടിക്കുന്ന പ്രധാന ലക്ഷണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വളരെ വേഗത്തില്‍ മറ്റുള്ളവരിലേക്ക് പടരുമെന്നതിനാല്‍ വീട്ടില്‍ തുടരാനാണ് ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നത്.