CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 56 Minutes 35 Seconds Ago
Breaking Now

പുത്തന്‍പുതിയ എന്‍എച്ച്എസ് പദ്ധതി വിദേശ റിക്രൂട്ട്‌മെന്റിനുള്ള പാരയാകും! എന്‍എച്ച്എസ് ജോലിക്കാരില്‍ വിദേശ റിക്രൂട്ടുകളുടെ എണ്ണം 34 ശതമാനത്തില്‍ നിന്നും 10 ശതമാനമായി കുറയ്ക്കാന്‍ നോട്ടം; ബ്രിട്ടീഷ് ഹെല്‍ത്ത് സര്‍വ്വീസില്‍ ഏറ്റവും കൂടുതല്‍ വിദേശ ഡോക്ടര്‍മാരും, നഴ്‌സുമാരും ഇന്ത്യക്കാര്‍?

വിദേശ റിക്രൂട്ട്‌മെന്റുകള്‍ക്ക് പകരം ഇനി യുകെ മെഡിക്കല്‍ ഗ്രാജുവേറ്റുകള്‍ക്കാണ് മുന്‍ഗണന നല്‍കുകയെന്ന് പദ്ധതി

'ബ്രിട്ടീഷ് സ്വപ്‌നം' കാണുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ മെഡിക്കല്‍ ജീവനക്കാര്‍ക്ക് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അവതരിപ്പിച്ച ഹെല്‍ത്ത്‌കെയര്‍ 10 വര്‍ഷ പദ്ധതി പാരയായി മാറും. എന്‍എച്ച്എസിലെ വിദേശ ജീവനക്കാരുടെ എണ്ണം 2035 ആകുന്നതോടെ 34 ശതമാനത്തില്‍ നിന്നും 10 ശതമാനത്തില്‍ താഴേക്ക് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്ന് സ്റ്റാര്‍മര്‍ വ്യക്തമാക്കി. 

ബ്രിട്ടീഷ് ഹെല്‍ത്ത് സര്‍വ്വീസില്‍ ജോലി ചെയ്യുന്ന വിദേശ ഡോക്ടര്‍മാരിലും, നഴ്‌സുമാരിലും ഭൂരിഭാഗവും ഇന്ത്യക്കാരാണ്. 2023 ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം എന്‍എച്ച്എസില്‍ 60,533 ഇന്ത്യന്‍ പൗരന്‍മാര്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 10,865 ഡോക്ടര്‍മാരും, 31,992 നഴ്‌സുമാരും ഉള്‍പ്പെടുന്നു. 

'എന്‍എച്ച്എസ് എക്കാലവും വിദേശത്ത് നിന്നുള്ള റിക്രൂട്ട്‌മെന്റിനെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ വന്‍തോതില്‍ വിദേശ റിക്രൂട്ട്‌മെന്റിനെ ആശ്രയിക്കുന്ന നിലയിലാണ്. ഈ ആശ്രയത്വം നമുക്ക് കുറയ്‌ക്കേണ്ടതുണ്ട്. 34 ശതമാനം പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടന്നതും യുകെ ഇതര പൗരന്‍മാരില്‍ നിന്നാണ്. ഇത് 2035 ആകുന്നതോടെ 10 ശതമാനത്തില്‍ താഴേക്ക് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്', പദ്ധതി വ്യക്തമാക്കുന്നു. 

വിദേശ റിക്രൂട്ട്‌മെന്റുകള്‍ക്ക് പകരം ഇനി യുകെ മെഡിക്കല്‍ ഗ്രാജുവേറ്റുകള്‍ക്കാണ് മുന്‍ഗണന നല്‍കുകയെന്ന് പദ്ധതി പറയുന്നു. ഇവര്‍ക്ക് പരിശീലനം നല്‍കുന്നതിനാണ് മുന്‍ഗണന. 2020-ല്‍ പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ ട്രെയിനിംഗില്‍ വിദേശ ട്രെയിനികള്‍ക്കും തുല്യ അവസരം നല്‍കാനുള്ള തീരുമാനം മത്സരം കടുപ്പിക്കുകയും, ഇപ്പോള്‍ പോസ്റ്റ്ഗ്രാജുവേറ്റ് തസ്തികകളില്‍ അസ്വീകാര്യമായ തോതില്‍ എത്തിച്ചേരുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ന്യായീകരിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.