ഒരു രാജ്യത്തെ സംബന്ധിച്ച് അവിടുത്തെ ജനന നിരക്ക് ഏറെ സുപ്രധാനമാണ്. ജനന നിരക്ക് സാമ്പത്തിക വ്യവസ്ഥയുടെ നിലനില്‍പ്പിന് പോലും അനിവാര്യമാണ്. എന്നാല്‍ ബ്രിട്ടനില്‍ ജനന നിരക്ക് ഇപ്പോഴും ചരിത്രപരമായ തോതില്‍ താഴ്ന്ന നിലയിലാണ്. ഇതില്‍ അല്‍പ്പം ആശ്വാസം നല്‍കി ആദ്യമായി ഇംഗ്ലണ്ടിലും, വെയില്‍സിലും ജനനങ്ങളില്‍ ചെറിയൊരു വര്‍ദ്ധന റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അതിന് കാരണമായതാകട്ടെ 60 വയസ്സ് കഴിഞ്ഞ പുരുഷന്‍മാരും!
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്ക് പ്രകാരമാണ് 2021ന് ശേഷം ആദ്യമായി രാജ്യത്ത് ജനങ്ങള്‍ ഉയര്‍ന്നത്. 2024-ല്‍ 594,677 ജനനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2023-ല്‍ നിന്നും 0.6% വര്‍ദ്ധന.
ചരിത്രപരമായ തോതില്‍ ഈ ജനനങ്ങള്‍ കുറഞ്ഞ നിലയില്‍ തന്നെയാണ്. 1977-ന് ശേഷമുള്ള മൂന്നാമത്തെ ഏറ്റവും താഴ്ന്ന ടോട്ടലാണ് ഇത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ താഴേക്ക് പോയിരുന്ന ട്രെന്‍ഡ് ആദ്യമായി മറുഭാഗത്തേക്ക് സഞ്ചരിച്ചത് മാത്രമാണ് ആശ്വാസം.
വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലാണ് ഏറ്റവും വലിയ വര്‍ദ്ധന, 3.4%. ലണ്ടനില്‍ 1.8 ശതമാനവും ജനന നിരക്ക് ഉയര്‍ന്നു. അതേസമയം 60 കഴിഞ്ഞ പുരുഷന്‍മാര്‍ പിതാക്കന്‍മാരാകുന്നതില്‍ കാര്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയെന്ന് ഒഎന്‍എസ് ചൂണ്ടിക്കാണിക്കുന്നു. 14 ശതമാനമാണ് ഇവര്‍ കുഞ്ഞുങ്ങള്‍ക്ക് പിറനി നല്‍കുന്നത് വര്‍ദ്ധിച്ചത്. ചെറുപ്പക്കാരായ അമ്മമാരും, പിതാക്കന്‍മാരും ഇപ്പോഴും പിന്നില്‍ തന്നെയാണ്. ഇവരുടെ എണ്ണം താഴേക്ക് പോകുകയാണ്.