ജോലി ചെയ്ത ആശുപത്രിയില്‍ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ മാലാഖയെന്ന വിളിപ്പേരാണ് മുന്‍ നഴ്‌സ് ലൂസി ലെറ്റ്ബിക്കുള്ളത്. യഥാര്‍ത്ഥത്തില്‍ ഇവര്‍ കൊലപാതകങ്ങള്‍ ചെയ്‌തോയെന്ന സംശയം ഇപ്പോള്‍ വ്യാപകമാണ്. എന്നാല്‍ ഇതിനിടയില്‍ ലെറ്റ്ബിക്ക് എതിരെ കൂടുതല്‍ കൊലക്കുറ്റങ്ങളും, വധശ്രമ കേസുകളും ചുമത്താനുള്ള ഒരുക്കത്തിലാണ് പ്രോസിക്യൂട്ടര്‍മാര്‍.
കൂടുതല്‍ കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും, അപകടത്തിലാക്കുകയും ചെയ്ത സംഭവത്തില്‍ ലൂസി ലെറ്റ്ബിക്ക് എതിരായ തെളിവുകള്‍ അടങ്ങിയ ഫയല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. ഒരു ഡസനിലേറെ കുറ്റകൃത്യങ്ങള്‍ ഫയലില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ കൂടുതല്‍ കുറ്റകൃത്യങ്ങളുടെ പേരില്‍ കേസ് ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുമോയെന്ന് പരിശോധിക്കുന്നതായി ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസ് സ്ഥിരീകരിച്ചു.
രാജ്യത്തെ ഉന്നത നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷം മാത്രമാകും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. പബ്ലിക് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ സ്റ്റീഫന്‍ പാര്‍ക്കിന്‍സണ്‍, അറ്റോണി ജനറല്‍ ലോര്‍ഡ് റിച്ചാര്‍ഡ് ഹെര്‍മെര്‍ കെസി എന്നിവരുമായി ചര്‍ച്ചകള്‍ നടത്തും. ഇതിനിടെ ലൂസി ലെറ്റ്ബി ജോലി ചെയ്തിരുന്ന കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലിലെ മൂന്ന് സീനിയര്‍ എക്‌സിക്യൂട്ടീവുമാരെ ചെഷയര്‍ പോലീസ് അറസ്റ്റ് ചെയ്തു.
ലെറ്റ്ബിയുടെ 13 മാസം നീണ്ടുനിന്ന കൊലപാതക പരമ്പയ്ക്കിടെ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരെയാണ് ഗുരുതര അവഗണന മൂലമുള്ള നരഹത്യ സംശയിച്ച് അറസ്റ്റ് ചെയ്തത്. ചെഷയറിലെ വ്യത്യസ്ത സ്റ്റേഷനുകളില്‍ ഇവരെ ചോദ്യം ചെയ്തു. മണിക്കൂറുകള്‍ക്ക് ശേഷം കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ജാമ്യത്തില്‍ വിട്ടയച്ചു. എന്‍എച്ച്എസ് ട്രസ്റ്റിലെ കോര്‍പറേറ്റ് നരഹത്യാ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.