കോമണ്‍സില്‍ കണ്ണീര്‍ പൊഴിച്ച് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ വികാരപരമായ പ്രകടനം വിപണിയില്‍ തകര്‍ച്ച സമ്മാനിക്കുന്നു. മുന്‍ പ്രധാനമന്ത്രി ലിസ് ട്രസിന്റെ വിനാശം വിതച്ച മിനി ബജറ്റിന് തുല്യമായ അവസ്ഥയെന്ന വിലയിരുത്തലാണ് വിപണിക്ക് ചങ്കിടിപ്പ് സമ്മാനിക്കുന്നത്. യുകെയുടെ പത്ത് വര്‍ഷത്തെ കടമെടുപ്പ് ചെലവുകള്‍ 4.7 ശതമാനത്തിലേക്കാണ് വര്‍ദ്ധിച്ചിരിക്കുന്നത്.
സഭയില്‍ ചാന്‍സലര്‍ കരഞ്ഞതോടെ വിപണിയില്‍ പൗണ്ട് ഡോളറിനെതിരെ ഒരു ശതമാനം താഴ്ച്ച രേഖപ്പെടുത്തി 1.36 ഡോളറിന് താഴെയെത്തി. ഇതോടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും റേച്ചല്‍ റീവ്‌സിനെ നീക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. ഇതുവരെ 'ഇരുമ്പ്' കൊണ്ട് നിര്‍മ്മിച്ച ചാന്‍സലര്‍ എന്ന് സ്വയം അവതിപ്പിച്ച ചാന്‍സലറാണ് ജോലിയിലെ സമ്മര്‍ദങ്ങള്‍ മൂലം കരച്ചിലില്‍ എത്തിച്ചേര്‍ന്നത്.
വികലാംഗ ആനുകൂല്യങ്ങള്‍, വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ ഗവണ്‍മെന്റിനെ സമ്മര്‍ദത്തിലാക്കിയത് ചാന്‍സലറാണെന്ന് ലേബര്‍ എംപിമാര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഈ പദ്ധതികളെല്ലാം വിവാദത്തിലായതോടെ ഉപേക്ഷിക്കേണ്ടിയും വന്നു. ചാന്‍സലര്‍ക്ക് ഇപ്പോഴും പ്രധാനമന്ത്രിയുടെ പിന്തുണയുണ്ടെന്ന് ഡൗണിംഗ് സ്ട്രീറ്റ് ആവര്‍ത്തിക്കുന്നു. അതേസമയം ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നറുമായി അടിപൊട്ടിയെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്.
കഴിഞ്ഞ ബജറ്റില്‍ നികുതികള്‍ ഏര്‍പ്പെടുത്തുമ്പോഴും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വളര്‍ച്ച നേടുമ്പോള്‍ ഇതിന്റെ ആഘാതം മറികടക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ചാന്‍സലര്‍. പക്ഷെ നിലവിലെ സാമ്പത്തിക സ്ഥിതി ഈ കണക്കുകൂട്ടലുകള്‍ തെറ്റിക്കുകയാണ്. ഇത് അടുത്ത ബജറ്റില്‍ കൂടുതല്‍ നികുതി വര്‍ദ്ധനവുകൡലേക്ക് നയിക്കുമെന്നാണ് ആശങ്ക. സഭയില്‍ ചാന്‍സലര്‍ കരയുമ്പോഴും ഇവരെ സമാധാനിപ്പിക്കാന്‍ പോലും പ്രധാനമന്ത്രി തയ്യാറായില്ല. പ്രതിപക്ഷ നേതാവ് കെമി ബാഡെനോക് പല കുറി ഇക്കാര്യം ഉന്നയിച്ചെങ്കിലും ചിരിച്ച് തള്ളാനാണ് സ്റ്റാര്‍മര്‍ ശ്രമിച്ചത്.