പെന്‍ഷണറും ഭാര്യയും താമസിച്ച വീട്ടില്‍ മോഷണത്തിന് കയറിയ സംഭവത്തില്‍ രണ്ടാമന്‍ പിടിയില്‍. ഒന്നാമന്‍ ഹെന്‍ട്രി വിന്‍സെന്റ് വീട്ടുടമയുമായുള്ള പിടിവലിയില്‍ കൊല്ലപ്പെട്ടിരുന്നു. ഹിതര്‍ ഗ്രീനിലെ വീട്ടില്‍ മോഷണത്തിനെത്തിയ 28-കാരന്‍ ബില്ലി ജീവ്‌സാണ് പിടിയിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് നോര്‍ത്ത് കെന്റില്‍ നിന്നുമാണ് ഇയാളെ പൊക്കിയത്.
രഹസ്യവിവരം ലഭിച്ചതോടെ മെറ്റിന്റെ ഹോമിസൈഡ് & മേജര്‍ ക്രൈം കമ്മാന്‍ഡ് ഉദ്യോഗസ്ഥര്‍ ഒളിച്ചിരിക്കുന്ന പ്രദേശത്ത് റെയ്ഡ് നടത്തി. രണ്ട് മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് സംശയിക്കുന്നു. ചോദ്യം ചെയ്യലിനായി കെന്റ് പോലീസ് സ്‌റ്റേഷനിലേക്ക് ഇയാളെ മാറ്റി.
സൗത്ത് വെസ്റ്റ് ലണ്ടനിലെ മോഷണത്തിനിടെ ഹെന്‍ട്രിക്ക് പരുക്കേറ്റിരുന്നു. ഇതിനിടെ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട ആളാണ് ബില്ലിയെന്നാണ് കരുതുന്നത്. 78-കാരനായ റിച്ചാര്‍ഡ് ഓസ്‌ബോണ്‍ ബ്രൂക്‌സാണ് സ്വന്തം വീടും, അംഗപരിമിതയായ ഭാര്യയെയും രക്ഷിക്കാന്‍ പോരാടിയത്. കള്ളന്‍ കൊല്ലപ്പെട്ടതോടെ അറസ്റ്റിലായ റിച്ചാര്‍ഡിനെ പിന്നീട് പോലീസ് വെറുതെവിട്ടു.
മോഷ്ടാവിന്റെ കുടുംബത്തില്‍ നിന്നുയര്‍ന്ന ഭീഷണിയെത്തുടര്‍ന്ന് പെന്‍ഷണറും ഭാര്യയും വീട്ടിലേക്ക് മടങ്ങിവരാത്ത അവസ്ഥയിലാണ്. ഇവര്‍ വീട് വില്‍ക്കാനും ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.