23 മാസം പ്രായമുള്ള തങ്ങളുടെ മകനെ രക്ഷിക്കാനായി റോമിലെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മാതാപിതാക്കളുടെ പോരാട്ടം തുടരുന്നു. ആല്‍ഫി ഇവാന്‍സുമായി പറക്കാന്‍ എയര്‍ ആംബുലന്‍സുകള്‍ സുസജ്ജമായി കാത്തിരിക്കുന്നുവെന്നാണ് ടോം ഇവാന്‍സും, കെയ്റ്റ് ജെയിംസും കോടതിയെ ബോധിപ്പിച്ചത്. ഡീജെനറേറ്റീവ് ന്യൂറോളജിക്കല്‍ അവസ്ഥ നേരിടുന്ന ആല്‍ഫിയെ ഇറ്റാലിയന്‍ തലസ്ഥാനത്ത് എത്തിച്ച് ചികിത്സ ലഭ്യമാക്കാനാണ് ഇവരുടെ ശ്രമം.
കോടതികള്‍ക്ക് മുന്നിലുള്ള പോരാട്ടത്തില്‍ അവസാന ശ്രമവും പരാജയപ്പെട്ട ഘട്ടത്തിലാണ് മൂന്ന് എയര്‍ ആംബുലന്‍സ് കമ്പനികള്‍ ആല്‍ഫിയെ റോമിലെത്തിക്കാന്‍ തയ്യാറാണെന്ന് ഇവാന്‍സ് ഫേസ്ബുക്കില്‍ കുറിച്ചത്. മിലാന്‍, ജെനോവ, റോം, മ്യൂനിക് എന്നിവിടങ്ങളില്‍ നിന്നും കുഞ്ഞിന് സഹായം നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, പിതാവ് പറയുന്നു.
കുഞ്ഞ് ആല്‍ഫിയുടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ അനുവദിച്ച വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലാണ് സുപ്രീം കോടതി ജസ്റ്റിസുമാര്‍ തള്ളിക്കളഞ്ഞത്. ഈ കേസ് തീര്‍ത്തും ദുഃഖകരമാണെന്ന് ജസ്റ്റിസുമാര്‍ പറയുന്നു. 'ഇത് ദുഃഖകരമായ അവസ്ഥയാണ് പ്രത്യേകിച്ച് ആല്‍ഫിയുടെ മാതാപിതാക്കള്‍ക്ക്, മകനെ രക്ഷിക്കാനായി അവരുടെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആല്‍ഫിയുടെ ജീവന്‍ പിടിച്ചുനിര്‍ത്തുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഇത് ദുഃഖകരമായ അവസ്ഥ തന്നെയാണ്', ജസ്റ്റിസുമാര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ ഇനിയും കാത്തിരിക്കുന്നത് കൊണ്ട് ഗുണമില്ലെന്നാണ് സുപ്രീംകോടതി വിധിയെഴുതിയത്. ആല്‍ഫിയുടെ താല്‍പര്യങ്ങള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട കാര്യം തീരുമാനിക്കാനും നടപ്പാക്കാനും ആല്‍ഡര്‍ ഹേ ഹോസ്പിറ്റലിന് അധികാരം നല്‍കി. ഇനി ഇതില്‍ തുടര്‍ന്നൊരു അപ്പീലിന് സാധ്യതയില്ല. എന്നാല്‍ നിയമപോരാട്ടം തുടരാനാണ് മാതാപിതാക്കളുടെ തീരുമാനം.