പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലണ്ടന്‍ സന്ദര്‍ശനത്തിനിടെ പ്രതിഷേധവുമായി എത്തിയവര്‍ ഇന്ത്യന്‍ പതാക വലിച്ചുകീറിയ സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഇന്ത്യ. പാക് അനുകൂല കശ്മീരി സംഘങ്ങളാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചതെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഇന്ത്യ യുകെ ഗവണ്‍മെന്റിനോട് നടപടി വേണമെന്ന് ആവശ്യപ്പെട്ടത്.
53 കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ മേധാവികള്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി പാര്‍ലമെന്റ് സ്‌ക്വയറില്‍ സ്ഥാപിച്ച ഇന്ത്യയുടെത്രിവര്‍ണ്ണ പതാകയാണ് ചില പ്രതിഷേധക്കാര്‍ വലിച്ചുകീറിയത്. ഈ ദൃശ്യങ്ങളില്‍ ക്യാമറയില്‍ പതിയുകയും ചെയ്തു. ഖലിസ്ഥാന്‍ വാദികളും, ചില കശ്മീരി വിഘടനവാദികളുമാണ് 'മോദിക്കെതിരെ ന്യൂനപക്ഷങ്ങള്‍' എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പാക് വംശജനായ പിയര്‍ ലോര്‍ഡ് നാസിര്‍ അഹമ്മദായിരുന്നു നേതൃത്വം നല്‍കിയത്.
തമിഴ്‌നാട്ടിലെ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെയുള്ളവരും, ഏഷ്യന്‍-കരീബിയന്‍ വംശജരെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന സൗത്ത് ഹാള്‍ ഗ്രൂപ്പും പ്രതിഷേധക്കാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. 'ഞങ്ങളുടെ ദേശീയ പതാക നശിപ്പിച്ച സംഭവത്തില്‍ ആഴത്തിലുള്ള അമര്‍ഷമുണ്ട്. ഒരു ഇന്ത്യന്‍ പത്രപ്രവര്‍ത്തകനും ഇവിടെ മര്‍ദ്ദനമേറ്റു. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കണം', വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
സംഭവത്തില്‍ യുകെ ഗവണ്‍മെന്റ് ഇന്ത്യന്‍ ഹൈക്കമ്മീഷണുമായി ബന്ധപ്പെട്ടതായി യുകെ ഫോറിന്‍ ഓഫീസും, കോമണ്‍വെല്‍ത്ത് ഓഫീസ് വക്താവ് വ്യക്തമാക്കി.