സെന്റ്. ഹില്‍ഡാ പള്ളി വികാരി ഫാ. മൈക്കിള്‍ കൊടിയേറ്റം നിര്‍വ്വഹിച്ച തിരുനാളില്‍ സീറോ മലബാര്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ കാര്‍മ്മികത്വത്തില്‍ നടന്ന ആഘോഷപൂര്‍വ്വമായ കുര്‍ബ്ബാനയും, ലദീഞ്ഞും, തിരുക്കര്‍മ്മങ്ങളും ആത്മീയനിറവ് പകര്‍ന്നു.
പരിശുദ്ധ അമ്മ ജീവന്റെ മാതാവും രക്ഷാകരപദ്ധതിയിലെ വിശ്വസ്തയായ പങ്കുകാരിയുമാണെന്ന് തിരുനാള്‍ സന്ദേശത്തില്‍ ചാമക്കാല അച്ചന്‍ ഓര്‍മ്മിപ്പിച്ചു. ഈശോ മിശിഹായുടെ ജീവിതത്തോട് ചേര്‍ത്തുനിര്‍ത്തിയാണ് മരിയവണക്കം വിശ്വാസജീവിതത്തിന്റെ ഭാഗമാക്കേണ്ടതെന്ന് അച്ചന്‍ തന്റെ തിരുന്നാള്‍ സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു.
തിരുന്നാള്‍ കുര്‍ബ്ബാനാനക്കു ശേഷം ലദീഞ്ഞും, പ്രദക്ഷിണവും, നേര്‍ച്ച വിതരണവും ഉണ്ടായിരുന്നു.
തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ബെഡ്വെല്‍ കമ്മ്യുണിറ്റി സെന്ററില്‍ സംഘടിപ്പിച്ച പാരിഷ് ദിനാഘോഷം സെബാസ്റ്റ്യന്‍ അച്ചനും, ട്രസ്റ്റിമാരും ചേര്‍ന്ന് തിരി തെളിച്ചു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ടെറിന ഷിജി സ്വാഗതവും അപ്പച്ചന്‍ കണ്ണഞ്ചിറ നന്ദിയും പ്രകാശിപ്പിച്ചു. അത്വുജ്ജ്വല അഭിനയപാഠവവും, സ്വര്‍ഗ്ഗീയാനുഭൂതി പകര്‍ന്ന ആത്മീയ ഗാനങ്ങളും, വിസ്മയം തീര്‍ത്ത ചടുല നൃത്തച്ചുവടുകളും അടക്കം വേദിയില്‍ ധന്യ നിമിഷങ്ങള്‍ പകര്‍ന്ന കലാകാരുടെ മികവുറ്റ പ്രകടനങ്ങള്‍ ബൈബിള്‍ സംഭവങ്ങള്‍ക്കു ജീവനും, തേജസ്സും പകരുന്നവയായി. ട്രസ്റ്റിമാരായ അപ്പച്ചന്‍, ബെന്നി ഗോപുരത്തിങ്കല്‍, സെലിന്‍, ജസ്റ്റിന്‍, സാംസണ്‍, മെല്‍വിന്‍, ബോബന്‍, ജിനേഷ്, തോമസ്, ടെറീന, നിഷ, സോണിഎന്നിവര്‍ നേതൃത്വം നല്‍കി. ജോയി ഇരുമ്പന്‍, ടെസ്സി ജെയിംസ് എന്നിവര്‍ അവതാരകരായി.
പാരീഷ് ദിനാഘോഷത്തില്‍ ഹൈലൈറ്റായ 'അന്ത്യ വിധി' എന്ന കുട്ടികളുടെ ഏകാങ്കത്തില്‍ 'മറിയാമ്മ ചേടത്തി'യായി വേഷമിട്ട മെറിറ്റ ഷിജി കുര്യക്കോട് അഭിനയത്തികവില്‍ താരങ്ങളിലെ താരകമായി.
സജന്‍ സെബാസ്റ്റ്യന്‍ എഴുതി സംവിധാനം ചെയ്ത 'ആധുനിക ധൂര്‍ത്ത പൂത്രന്‍' ജോര്‍ജ്ജ്, ബിന്‍സി, ലൈജോണ്‍, തോംസണ്‍, ബെന്‍, മെല്‍വിന്‍ തുടങ്ങിയവരുടെ അഭിനയ മികവില്‍ നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് ഏറ്റെടുത്തത്. സിമി, സിനി, ബിന്ദു, സൂസന്‍, ടിന്റു, റീനു അടക്കം മാതൃവേദി അംഗങ്ങള്‍ ജീവന്‍ കൊടുത്ത 'പത്തുകന്യകമാര്‍' സ്‌കിറ്റും പാരീഷ് ദിനാഘോഷത്തില്‍ ശ്രദ്ധേയമായി. കുട്ടികളുടെ ഗ്രൂപ്പ് ഡാന്‍സുകളും ഏറെ ആകര്‍ഷകമായി. ജോര്‍ജ്ജ് തോമസ്, സൂസന്‍, ഓമന, ബിന്‍സി, റോഷ് എന്നിവര്‍ ഗാനശുശ്രൂഷക്ക് നേതൃത്വം നല്‍കി.
സ്‌നേഹ വിരുന്നോടെ പാരിഷ് ഡേ സമാപിച്ചു.
വാര്‍ത്ത: അപ്പച്ചന്‍ കണ്ണഞ്ചിറ