കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് പരിശോധന തുടരുകയാണ്. പരമേശ്വരയുമായി ബന്ധപ്പെട്ട 30 ഇടങ്ങളിലാണ് പൊലീസ് പരിശോധന നടത്തുന്നത്. ബി.ജെ.പിയുടെ വേട്ടയാടല്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണ് പരിശോധനയെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. റെയ്ഡിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പിഴവുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തിരുത്താന്‍ തയ്യാറാണെന്നുമായിരുന്നു ജി. പരമേശ്വര പ്രതികരിച്ചത്.
'റെയ്ഡിനെക്കുറിച്ച് എനിക്കറിയില്ല. അവര്‍ എവിടെയാണ് ഇത് ചെയ്യുന്നതെന്ന് എനിക്കറിയില്ല. അവരെ പരിശോധിക്കാന്‍ അനുവദിക്കുക, എനിക്ക് ഒരു പ്രശ്‌നവുമില്ല. ഞങ്ങളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്തും.'പരമേശ്വര പറഞ്ഞു .ബി.ജെ.പി അവരുടെ വേട്ടയാടല്‍ രാഷ്ട്രീയം തുടരുകയാണെന്നും നേതാക്കളെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ഇതെന്നുമായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം.
ജി. പരമേശ്വരയുമായി ബന്ധപ്പെട്ട ട്രസ്റ്റിന് കീഴിലുള്ള കോളേജുകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നാണ് ഐടി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചത്. മെഡിക്കല്‍, എഞ്ചിനീയറിംഗ് കോളേജ് കോളേജ് പ്രവേശനങ്ങള്‍ക്ക് വേണ്ടി വന്‍ തോതില്‍ പണം സ്വീകരിച്ചതായി കണ്ടെത്തിയെന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയത്.
പരമേശ്വരയ്ക്കും ആര്‍.എല്‍ ജാലപ്പയ്ക്കും മറ്റുള്ളവര്‍ക്കും എതിരെ ഇപ്പോള്‍ നടക്കുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു.