CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 46 Minutes 46 Seconds Ago
Breaking Now

കൊറോണാ കാലത്തെ കൊലപാതകങ്ങള്‍! ജനം വീട്ടിലിരുന്നു, യുകെയില്‍ 9 പേര്‍ കൊല്ലപ്പെട്ടു; നഴ്‌സിനെ ഭര്‍ത്താവ് പട്ടാപ്പകല്‍ നാട്ടുകാരെ സാക്ഷിയാക്കി കുത്തിക്കൊന്നു; മറ്റ് സംഭവങ്ങളില്‍ കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് ഭാര്യയെ കൊന്നു; അച്ഛനും, അമ്മയും, മകളും കൊലപാതക-ആത്മഹത്യയില്‍ അവസാനിച്ചു?

റോത്തര്‍ഹാം ജനറല്‍ ഹോസ്പിറ്റല്‍ നഴ്‌സായ വുഡ്ഹാളിനെ രക്ഷിക്കാന്‍ പോലീസും, പാരാമെഡിക്കുകളും, യോര്‍ക്ക്ഷയര്‍ എയര്‍ ആംബുലന്‍സും സ്ഥലത്തെത്തിയെങ്കിലും ഫലമുണ്ടായില്ല

കൊറോണാവൈറസ് ക്വാറന്റൈന്‍ ബ്രിട്ടനില്‍ രണ്ടാമത്തെ ആഴ്ചയില്‍ കടന്നപ്പോഴേക്കും ഒന്‍പത് വിവിധ കൊലപാതകങ്ങളിലായി കൊല്ലപ്പെട്ടു. സസെക്‌സില്‍ നാലംഗ കുടുംബവും, വളര്‍ത്തുനായയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിന് പുറമെ സൗത്ത് വെയില്‍സില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിനെതിരെ കൊലപാതക കുറ്റം ചുമത്തി. സൗത്ത് യോര്‍ക്ക്ഷയറില്‍ എന്‍എച്ച്എസ് നഴ്‌സ് കുത്തേറ്റാണ് മരിച്ചത്. ഇതിന് പുറമെ ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറില്‍ കൊലപാതക-ആത്മഹത്യകളില്‍ മൂന്ന് പേരും മരിച്ചു. 

മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത കൊറോണാവൈറസിനെ നേരിടാന്‍ ലോക്ക്ഡൗണില്‍ ആയതോടെ ബ്രിട്ടനില്‍ ജനങ്ങള്‍ വീടുകളില്‍ ഇരിക്കുമ്പോഴാണ് ഈ കൊലപാതകങ്ങള്‍. സസെക്‌സ് വുഡ്മാന്‍കോട്ടിലെ വീട്ടില്‍ ഞായറാഴ്ച വൈകുന്നേരമാണ് രണ്ട് മുതിര്‍ന്നവരെയും, രണ്ട് കുട്ടികളും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു കുടുംബത്തിലെ നാല് അംഗങ്ങളാണ് മരിച്ചതെന്ന് പോലീസ് കരുതുന്നു. ഇവരുടെ വീട്ടിലെ നായയും കൊല്ലപ്പെട്ടിരുന്നു. അയല്‍വാസികള്‍ സംശയം ഉന്നയിച്ചതോടെയാണ് പോലീസ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടത്തിയത്. 

സൗത്ത് വെയില്‍സില്‍ സെല്‍ഫ് ഐസൊലേഷനിലായിരുന്ന ഭാര്യയെയാണ് 69-കാരനായ ആന്തണി വില്ല്യംസ് കൊലപ്പെടുത്തിയത്. കേസില്‍ ഇയാളെ കോടതിയില്‍ ഹാജരാക്കി. പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ ഭാര്യ റൂത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവര്‍ മരിച്ചു. 45 വര്‍ഷക്കാലമായി ഒരുമിച്ച് കഴിയുന്ന ദമ്പതികള്‍ ഏറെ സ്‌നേഹത്തോടെ കഴിഞ്ഞ് വന്നിരുന്നതാണെന്ന് അയല്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ കാര്‍ഡിഫ് മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കിയ വില്ല്യംസ് കൊലപാതക കുറ്റം നിഷേധിച്ചു. ഇയാളെ ഡിസ്ട്രിക്ട് ജഡ്ജ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. 

സൗത്ത് യോര്‍ക്ക്ഷയറില്‍ മൂന്ന് മക്കളുടെ അമ്മയായ എന്‍എച്ച്എസ് നഴ്‌സാണ് നിരവധി കുത്തുകളേറ്റ് മരിച്ചത്. ബാണ്‍സ്ലി മിഡില്‍ക്ലിഫിലെ ഇവരുടെ വീടിന് പുറത്തുവെച്ചാണ് അക്രമം. ഇവരുടെ ഭര്‍ത്താവ് ക്രെയ്ഗ് വുഡ്ഹാളിനെയാണ് പോലീസ് പിന്നീട് അറസ്റ്റ് ചെയ്തത്. മുന്‍ സൈനികനായ ക്രെയ്ഗ് ഏഴ് മാസം മുന്‍പാണ് നഴ്‌സിനെ വിവാഹം ചെയ്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. നിരവധി പ്രദേശവാസികള്‍ നോക്കിനില്‍ക്കവെയാണ് ഞായറാഴ്ച വൈകുന്നേരം നഴ്‌സിനെ കൊലപ്പെടുത്തിയത്. റോത്തര്‍ഹാം ജനറല്‍ ഹോസ്പിറ്റല്‍ നഴ്‌സായ വുഡ്ഹാളിനെ രക്ഷിക്കാന്‍ പോലീസും, പാരാമെഡിക്കുകളും, യോര്‍ക്ക്ഷയര്‍ എയര്‍ ആംബുലന്‍സും സ്ഥലത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. 

ഹെമെല്‍ ഹെംപ്‌സ്റ്റെഡില്‍ 57-കാരന്‍ ഗാരി വാക്കര്‍, ഭാര്യ 50-കാരി കരോളിന്‍, 24-കാരിയായ മകള്‍ കാറ്റി എന്നിവരെയാണ് മറ്റൊരു സംഭവത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടത്തിയ ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. കൊറോണയെ പ്രതിരോധിക്കാന്‍ രാജ്യം ലോക്ക്ഡൗണില്‍ തുടരുന്നതിനിടെയാണ് ഞെട്ടിക്കുന്ന കൊലപാതകങ്ങള്‍. 




കൂടുതല്‍വാര്‍ത്തകള്‍.