വന്ദേ ഭാരത് പദ്ധതിയില്‍ കേരളത്തിലേക്ക് ചാര്‍ട്ടര്‍ ചെയ്ത എയര്‍ഇന്ത്യ വിമാനം കൊച്ചിയിലെത്തി. ഇന്നലെ ഉച്ചയ്ക്ക് 1.15 നാണ് ഹീത്രു വിമാനത്താവളത്തില്‍ നിന്നും യാത്ര തിരിച്ച വിമാനം ബുധനാഴ്ച രാവിലെ 7.12 ന് കൊച്ചിയിലെത്തി. 333 യാത്രക്കാരുമായി എ 1-130 എന്ന വിമാനം മുംബൈ വഴിയാണ് കൊച്ചിയിലേക്ക് എത്തിയത്. കൊച്ചിയില്‍ നിന്നും വിജയവാഡയില്‍ എത്തുന്നതോടെ ഈ വിമാനത്തിന്റെ സര്‍വീസ് പൂര്‍ത്തിയാകും. 596 പൗണ്ടാണ് ഓരോ യാത്രക്കാരനില്‍ നിന്നും കേരളത്തിലേക്ക് ഇക്കോണമി ക്ലാസിന് ഈടാക്കിയത്. ഇന്നലത്തെ വിനിമയ നിരക്കില്‍ 55000 ഇന്ത്യന്‍ രൂപയ്ക്കു തുല്യമായ തുകയാണിത്. ബിസിനസ് ക്ലാസിന് 1493 പൗണ്ടാണ് ടിക്കറ്റ് ചാര്‍ജ്.
ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ വെബ് സൈറ്റിലൂടെ തിരികെ പോകാന്‍ താല്‍പര്യമറിയിച്ച് പേരുകള്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, രോഗികള്‍, ഉറ്റവരുടെ ചികിത്സയ്ക്കും മരണാനന്തര ചടങ്ങുകള്‍ക്കും എത്തേക്കണ്ടവര്‍, വീസാ കാലാവധി അവസാനിച്ചവര്‍ തുടങ്ങി വിദ്യാര്‍ത്ഥികള്‍ വരെയുള്ള അത്യാവശ്യം നാട്ടിലെത്തേണ്ടവരെ എംബസി തന്നെയാണ് തിരഞ്ഞെടുത്തത്. ഇവരെ പിന്നീട് എയര്‍ഇന്ത്യയില്‍ നിന്നും ബന്ധപ്പെട്ട് ടിക്കറ്റ് നല്‍കുകയായിരുന്നു.
എംബസിയില്‍ നിന്നും ബന്ധപ്പെടുകയും എന്നാല്‍ രാവിലെ വരെ ടിക്കറ്റിനായി വിളിക്കാതിരിക്കുകയും ചെയ്ത 30 പേര്‍ തങ്ങള്‍ക്ക് ലഭിച്ച ഇ മെയില്‍ അറിയിപ്പും അതോറിറ്റി ലെറ്ററുമായി ഹീത്രു എയര്‍പോര്‍ട്ടിലെത്തിയത് ആശയകുഴപ്പമുണ്ടാക്കി. ഒഴിവുണ്ടായിരുന്ന ഏതാനും ടിക്കറ്റുകള്‍ ഗര്‍ഭിണികളും രോഗികളും ഉള്‍പ്പെടെയുള്ള വനിതകള്‍ക്ക് നല്‍കി ബാക്കി 25 പേരെ തിരിച്ചയച്ചു.
ലോക് ഡൗണ്‍ നിബന്ധനക്കിടെ ഒട്ടേറെ ദൂരം മണിക്കൂറുകള്‍ കാറോടിച്ചും വന്‍തുക ടാക്‌സി കൂലി നല്‍കിയും വിമാനത്താവളത്തിലെത്തിയവരാണ് മണിക്കൂറുകള്‍ കാത്തുനിന്ന ശേഷം നിരാശരായി മടങ്ങിയത്.
ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഒമ്പതാമത്തെ സ്‌പെഷ്യല്‍ വിമാനമാണ് ഇന്നലെ കൊച്ചിയിലേക്ക് പുറപ്പെട്ടത്. ഇതിനകം 2500 ലേറെ ഇന്ത്യക്കാര്‍ക്കാണ് പ്രത്യേക വിമാനത്തില്‍ നാട്ടിലെത്താന്‍ അവസരം ലഭിച്ചത്.