CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 2 Minutes 28 Seconds Ago
Breaking Now

'ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നല്‍കും'; യുഎസ് കേന്ദ്രങ്ങളില്‍ ഇറാന്റെ മിസൈല്‍ വര്‍ഷം; രോഷാകുലനായി ട്രംപ്; ഇനി നീക്കം ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കാന്‍

ഇറാന്‍ ഈ നീക്കത്തെ തങ്ങളുടെ സായുധ സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണ ഓപ്പറേഷനായാണ് വിശേഷിപ്പിക്കുന്നത്

ഇറാന്‍ പരമോന്നത നേതാവ് ഖമനേനിയെ കൊലപ്പെടുത്തിയതിന് പിന്നാലെ യുഎസ് കേന്ദ്രങ്ങളിലേക്ക് വന്‍അക്രമണം നടത്തി ഇറാന്‍. അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കെതിരെ ഇറാന്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രോഷത്തോടെയാണ് പ്രതികരിച്ചത്. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (IRGC) ഞായറാഴ്ച പുലര്‍ച്ചെ മിഡില്‍ ഈസ്റ്റിലെ മുപ്പതോളം അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് മിസൈല്‍-ഡ്രോണ്‍ ആക്രമണം നടത്തിയതായി അറിയിച്ചു. 'ഇതുവരെ കണ്ടിട്ടില്ലാത്ത ശക്തിയോടെ തിരിച്ചടിക്കും' എന്നാണ് അക്രമങ്ങളോട് ട്രംപിന്റെ പ്രതികരണം.

തങ്ങളുടെ പരമോന്നത നേതാവ് അയാത്തൊള്ളാ ഖമനേനിയെ അമേരിക്ക-ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് അക്രമം നടത്തിയതെന്ന് ഇറാന്‍ വ്യക്തമാക്കി. ടെഹ്‌റാനിലെ വസതിയില്‍ നടന്ന ആക്രമണത്തില്‍ ഖമനേനിക്കൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഉന്നത സൈനിക ഉദ്യോഗസ്ഥരുമായ ചിലര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചു. ''അല്ലാഹുവിന്റെ അടുക്കലേക്കാണ് അദ്ദേഹം മടങ്ങുന്നത്'' എന്ന് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ ആക്രമണത്തില്‍ ഇറാഖിലെ എര്‍ബില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള അമേരിക്കന്‍ എയര്‍ബേസില്‍ കനത്ത സ്‌ഫോടന ശബ്ദവും കറുത്ത പുകയും ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. ദുബായിലും വലിയ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ അറിയിച്ചു. അതേസമയം, ഇസ്രയേല്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍-വായു പ്രതിരോധ സംവിധാനങ്ങളെ ലക്ഷ്യമിട്ട് പുതിയ 'സ്‌ട്രൈക്ക് വേവ്' ആരംഭിച്ചതായി പ്രഖ്യാപിച്ചു. ടെല്‍ അവീവിലേക്ക് ഇറാന്‍ വിക്ഷേപിച്ച ഡ്രോണുകളും മിസൈലുകളും തടഞ്ഞു വീഴ്ത്തിയതായി ഇസ്രയേല്‍ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേലില്‍ പലപ്പോഴായി മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയപ്പോള്‍ ജനങ്ങളോട് പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. 

ഇറാന്‍ ഈ നീക്കത്തെ തങ്ങളുടെ സായുധ സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണ ഓപ്പറേഷനായാണ് വിശേഷിപ്പിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന യുഎസ് ബേസുകളിലേക്ക് ഡ്രോണ്‍ അക്രമം ഉള്‍പ്പെടെ അയയ്ക്കുമ്പോള്‍ അവിടുത്തെ സാധാരണക്കാരാണ് ആശങ്കയിലാകുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.