CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 45 Seconds Ago
Breaking Now

അനധികൃത കുടിയേറ്റക്കാരുടെ വരവ് കൂടി; ബ്രിട്ടന്‍ നല്‍കുന്ന അഭയാര്‍ത്ഥി പദവി നേടിയവരുടെ എണ്ണത്തിലും വര്‍ദ്ധന; നിയമപരമായി കുടിയേറുന്നവരുടെ കഞ്ഞിയില്‍ പാറ്റയിടുമ്പോള്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് ബെനഫിറ്റ് ഉള്‍പ്പെടെ സഹായം!

41,472 പേര്‍ ചെറിയ ബോട്ടുകളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നാണ് എത്തിയതെന്ന് ഔദ്യോഗിക കണക്കുകള്‍

കഴിഞ്ഞ വര്‍ഷം ബ്രിട്ടനില്‍ അഭയം ലഭിച്ചവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചതായി സ്ഥിരീകരിച്ച് ഹോം ഓഫീസ് കണക്കുകള്‍. ഡിസംബര്‍ വരെ ഒരു വര്‍ഷത്തിനിടെ ഏകദേശം 55,000 പേര്‍ക്കാണ് അഭയാര്‍ഥി പദവിയോ രാജ്യത്ത് തുടരാനുള്ള മറ്റ് അനുമതികളോ ലഭിച്ചത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 35 ശതമാനം കൂടുതലായിരുന്നെങ്കിലും, 2023ലെ ഉയര്‍ന്ന നിലയെ അപേക്ഷിച്ച് 14 ശതമാനം കുറവാണ്. എറിത്രിയ (ഏകദേശം 8,700), സുഡാന്‍ (7,000), ഇറാന്‍ (6,900) സ്വദേശികളാണ് അഭയം ലഭിച്ചവരില്‍ മുന്നിലുള്ളത്. 

അതേസമയം, അഭയാര്‍ഥി അപേക്ഷകളുടെ ആകെ എണ്ണം ഇപ്പോഴും ഉയര്‍ന്ന നിലയിലാണ്. കഴിഞ്ഞ വര്‍ഷം 1,01,000 അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടു. മുന്‍ വര്‍ഷത്തേക്കാള്‍ നാല് ശതമാനം കുറവാണെങ്കിലും ചരിത്രപരമായ ഉയര്‍ന്ന നിരക്കാണ് ഇത്. പ്രാഥമിക തീരുമാനത്തിനായി പരിഗണിച്ച അപേക്ഷകള്‍ 1,35,000 കടന്നതോടെ, അംഗീകരിക്കുന്ന നിരക്ക് 42 ശതമാനമായി കുറഞ്ഞു. മുന്‍ വര്‍ഷം ഇത് 47 ശതമാനമായിരുന്നു. 80,000-ലധികം അപേക്ഷകള്‍ തള്ളിക്കളഞ്ഞത് റെക്കോര്‍ഡാണെങ്കിലും, നിരസിക്കപ്പെട്ടവരില്‍ പലരും കുടിയേറ്റ കോടതികളില്‍ അപ്പീല്‍ നല്‍കുന്നുണ്ട്. നിലവില്‍ അത്തരം കേസുകളുടെ ബാക്ക്ലോഗ് ഏകദേശം 70,000 ആയിട്ടുണ്ടെന്നതും ഹോം ഓഫീസിനും കോടതികള്‍ക്കും തലവേദനയാണ്. 

രാജ്യത്തേക്കുള്ള അനധികൃത പ്രവേശനങ്ങളിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2025ല്‍ 46,497 പേര്‍ അനധികൃതമായി എത്തിയിട്ടുണ്ട്, മുന്‍ വര്‍ഷത്തേക്കാള്‍ ഏഴ് ശതമാനം കൂടുതലാണ് ഇത്. ഇതില്‍ 41,472 പേര്‍ ചെറിയ ബോട്ടുകളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നാണ് എത്തിയതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ബാക്കിയുള്ളവര്‍ ലോറിയുടെ പിന്നില്‍ ഒളിച്ചുകടന്നത് ഉള്‍പ്പെടെ മാര്‍ഗ്ഗങ്ങളും പ്രയോഗിച്ചു. ചെറിയ ബോട്ടുകളിലെ വരവ് 2024നെ അപേക്ഷിച്ച് 13 ശതമാനമാണ് ഉയര്‍ന്നത്. 

അതേസമയം സര്‍ക്കാര്‍ സഹായം ലഭിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ചെറിയ ഇടിവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷാവസാനം 1,07,003 പേര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം കുറവ്. ഇതില്‍ 31,000 പേര്‍ ഹോട്ടലുകളില്‍ താമസിക്കുമ്പോള്‍, ഏകദേശം 73,000 പേര്‍ മറ്റ് താമസസൗകര്യങ്ങളിലാണ് കഴിയുന്നത്. നിയമപരകമായി കുടിയേറുന്നവര്‍ക്ക് എതിരെ നടപടികള്‍ കര്‍ശനമാക്കുമ്പോഴാണ് അനധികൃതമായി എത്തുന്നവര്‍ക്ക് ഈ സൗകര്യങ്ങള്‍ നല്‍കുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.