CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 9 Minutes 7 Seconds Ago
Breaking Now

മരിക്കാന്‍ പാസ് വേണ്ട': പാവപ്പെട്ടവരെ നാട്ടിലെത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആത്മഹത്യാക്കുറിപ്പില്‍ ബിനീഷ്

മരിച്ചാല്‍ തന്റെ മൃതദേഹമെങ്കിലും നാട്ടിലെത്തിക്കണമെന്ന് ബിനീഷിന്റെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു

കോവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് ചെന്നൈയില്‍ നിന്നും നാട്ടിലേക്കു മടങ്ങാന്‍ കഴിയാത്ത വിഷമത്തില്‍ കഴിഞ്ഞ ദിവസം മലയാളി യുവാവ് ആത്മഹത്യ ചെയ്തിരുന്നു. ബ്രോഡ്‌വേ സെവന്‍വെല്‍സിലെ ചായക്കടയില്‍ ജോലി ചെയ്യുന്ന വടകര മരമടത്തില്‍ വീട്ടില്‍ ടി. ബിനീഷ് (42) ആണു മരിച്ചത്. നാട്ടിലേക്കു പോകേണ്ടിയിരുന്ന ബിനീഷിനെ ബുധനാഴ്ച താമസസ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിടിഎംഎ ഏര്‍പ്പാടാക്കിയ വാഹനത്തില്‍ ഇദ്ദേഹം ചൊവ്വാഴ്ച വൈകിട്ട് നാട്ടിലേക്ക് പോകാന്‍ പാസെടുത്തിരുന്നു. എന്നാല്‍,ചെന്നൈയില്‍ കോവിഡ് വ്യാപനം കൂടുതലായതിനാല്‍ ഇപ്പോള്‍ തിരികെ വരേണ്ടെന്നു നാട്ടില്‍ നിന്നു വിളിച്ചു പറഞ്ഞതിനാല്‍ യാത്ര മാറ്റിവെയ്ക്കുകയായിരുന്നു. ബിനീഷിനെ ആരാണു വിളിച്ചതെന്നു വ്യക്തമല്ല.

അതേസമയം മരിച്ചാല്‍ തന്റെ മൃതദേഹമെങ്കിലും നാട്ടിലെത്തിക്കണമെന്ന് ബിനീഷിന്റെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. 'മലയാളി നാട്ടില്‍ വരുമ്പോള്‍ അവന്‍ കോവിഡ് ആയിട്ടാണ് വരുന്നതെന്ന് ധരിക്കുന്നവരുണ്ട്. എല്ലാവരും എല്ലാവരേയും ചൂഷണം ചെയ്യുന്നു. രണ്ടു സര്‍ക്കാരും ട്രെയിന്‍ വിട്ടില്ല. മാനസികമായി തളര്‍ന്നു. ആര് രക്ഷിക്കും. മരിക്കാന്‍ പാസ് വേണ്ട. എന്റെ മരണം ഒരു പ്രവാസിയുടെ സമരമാണ്. ഒരോ മലയാളിയും ആ രീതിയില്‍ കാണുന്നു. എന്റെ മരണം ചെന്നൈയിലെ മലയാളികളെ നാട്ടിലെത്തിക്കും. താങ്ങാന്‍ പറ്റുന്നില്ല. നഷ്ടം എന്റെ കുടുംബത്തിന് മാത്രമാകും. നിയമം നല്ലത്. പക്ഷേ അത് ഒരു മനുഷ്യന്റെ പ്രാണന്‍ എടുക്കുന്നു.'–ബിനീഷ് കുറിപ്പില്‍ എഴുതി.

മൂന്നു വര്‍ഷം മുമ്പാണു ബിനീഷ് ചെന്നൈയിലെ ചായക്കടയില്‍ ജോലിക്കെത്തിയത്. സെവന്‍വെല്‍സ് സെന്റ് സേവ്യേഴ്‌സ് സ്ട്രീറ്റിലെ മലയാളിയുടെ ചായക്കടയില്‍ അസിസ്റ്റന്റായിരുന്നു. ഫെബ്രുവരിയിലാണു അവസാനമായി നാട്ടില്‍ പോയത്. സിടിഎംഎ ഏര്‍പ്പാടാക്കിയ വാഹനത്തില്‍ മറ്റു നാലുപേര്‍ക്കൊപ്പം പോകാനായി പാസെടുത്തിരുന്നു. ചൊവ്വാഴ്ച വൈകിട്ട് പുറപ്പെട്ട വാഹനത്തില്‍ ബാക്കി 4 പേരും നാട്ടിലെത്തി.

ചായക്കടയ്ക്കു സമീപത്തെ മുറിയില്‍ മറ്റു ജോലിക്കാര്‍ക്കൊപ്പമാണു താമസം. ഇന്നലെ അതിരാവിലെ മറ്റുള്ളവര്‍ ചായക്കടയിലേക്കു പോയി. സുഹൃത്തുക്കളിലൊരാള്‍ ഒരു മണിക്കൂറിനകം തിരിച്ചെത്തിയപ്പോള്‍ മുറി അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. പിന്നീട് ബലം പ്രയോഗിച്ചു തുറന്നപ്പോഴാണു തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

പാവപ്പെട്ടവരെ നാട്ടിലെത്തിക്കുന്നതില്‍ കേരള, തമിഴ്‌നാട് സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്നും മൃതദേഹത്തില്‍ നിന്നു കണ്ടെത്തിയ കുറിപ്പിലുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം ഇന്നു നാട്ടിലേക്കു കൊണ്ടുപോകും. പ്രവീണയാണ് ഭാര്യ. നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി കൃഷ്ണ ഏക മകളാണ്.

 

 




കൂടുതല്‍വാര്‍ത്തകള്‍.