CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 16 Minutes 56 Seconds Ago
Breaking Now

പത്തില്‍ എട്ട് കൊവിഡ്-19 രോഗികളും മരിച്ചത് ഒരു ഇംഗ്ലീഷ് ഹോസ്പിറ്റലില്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എന്‍എച്ച്എസ് ഡാറ്റ; 11 ട്രസ്റ്റുകളില്‍ പകുതി പേര്‍ പോലും ജീവനോടെ രക്ഷപ്പെട്ടില്ല; മരണനിരക്കില്‍ വലിയ വ്യതിയാനം; ഡാറ്റ കണ്ടിട്ടില്ലെന്ന് എന്‍എച്ച്എസ്?

മരണസംഖ്യയിലെ ഈ വ്യത്യാസം രോഗികള്‍ക്ക് നല്‍കിയ പരിചരണത്തിലെ മേന്മക്കുറവ് കൊണ്ടല്ലെന്ന്‌ വിദഗ്ധര്‍

ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ആശുപത്രികള്‍ തമ്മില്‍ കൊറോണാവൈറസ് മരണങ്ങളില്‍ വലിയ വ്യതിയാനം നിലനില്‍ക്കുന്നതായി വെളിപ്പെടുത്തുന്ന കണക്കുകള്‍ പുറത്ത്. സൗത്ത് വെസ്റ്റിലെ ഒരു ഹോസ്പിറ്റലില്‍ എത്തിയ പത്ത് കൊറോണ രോഗികളില്‍ എട്ട് പേരും മരിച്ചതായാണ് ഡാറ്റ വ്യക്തമാക്കുന്നത്. എന്നാല്‍ ഒരു ലണ്ടന്‍ ട്രസ്റ്റില്‍ 12.5 ശതമാനം പേര്‍ മാത്രമാണ് മരണമടഞ്ഞത്. 

രാജ്യത്തെ ചുരുങ്ങിയത് 11 ഹോസ്പിറ്റല്‍ ട്രസ്റ്റുകളില്‍ പകുതിയിലേറെ കൊവിഡ് രോഗികളും മരണമടഞ്ഞതായും ഗാര്‍ഡിയന്‍ കണ്ട ഡാറ്റ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം സര്‍ക്കാര്‍ ശാസ്ത്രജ്ഞര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച ഈ പഠനത്തില്‍ യുകെയിലെ ആശുപത്രികളിലെത്തുന്ന രോഗികളില്‍ 28 ശതമാനം പേരും മരിക്കുന്നതായും വിലയിരുത്തുന്നു. എന്നാല്‍ സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് അയച്ച വിവരങ്ങള്‍ എന്‍എച്ച്എസ് നിഷേധിക്കുകയാണ്. ആശുപത്രികള്‍ തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ഡാറ്റ ഔദ്യോഗികമല്ലെന്നാണ് എന്‍എച്ച്എസ് വാദം. 

26 എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ മരണനിരക്ക് കാല്‍ശതമാനത്തില്‍ താഴെയാണ്- 12.5 ശതമാനം മുതല്‍ 25 ശതമാനം വരെ. എന്നാല്‍ ബാക്കിയുള്ള 109 ഇടങ്ങളില്‍ നിരക്ക് ഉയര്‍ന്നതാണ്. മരണസംഖ്യയിലെ ഈ വ്യത്യാസം രോഗികള്‍ക്ക് നല്‍കിയ പരിചരണത്തിലെ മേന്മക്കുറവ് കൊണ്ടല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. മറിച്ച് ഓരോ മേഖലയിലെയും ജനസംഖ്യയും, അവിടങ്ങളില്‍ ചികിത്സിക്കേണ്ടി വന്ന രോഗികളുടെയും എണ്ണം ഇതില്‍ പ്രതിഫലിച്ചിരിക്കാം. 

പ്രായമായവര്‍ വൈറസ് ബാധിച്ച് മരിക്കാനുള്ള സാധ്യത ഏറെയാണ്. ചില മേഖലകളില്‍ പ്രായമായവരുടെ എണ്ണവും കൂടുതലാണ്. സൗത്ത് വെസ്റ്റിലെ ശരാശരി പ്രായം ലണ്ടനിലേക്കാള്‍ എട്ട് വര്‍ഷം കൂടുതലാണ്. എന്നാല്‍ ഈ ഡാറ്റ തങ്ങള്‍ തയ്യാറാക്കിയതല്ലെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് പറയുന്നത്. പത്രം പറയുന്ന റിപ്പോര്‍ട്ട് പ്രായം അനുസരിച്ചുള്ള പരീക്ഷണമായിരിക്കാമെന്നും എന്‍എച്ച്എസ് വാദിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.