Breaking Now

ഈ ഓണത്തിന് നമുക്ക് പ്രാര്‍ത്ഥിക്കാം, ലോകാ സമസ്താ സുഖിനോ ഭവന്തു; ഏവര്‍ക്കും യൂറോപ്പ് മലയാളിയുടെ 'സുരക്ഷിതമായ' ഓണാശംസകള്‍; നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി!

നല്ല ദിനങ്ങള്‍ തിരിച്ചെത്തും, പ്രാര്‍ത്ഥനയോടെ കാത്തിരിക്കാം, ആഘോഷിക്കാം ഓണം!

'ലോകാ സമസ്താ സുഖിനോ ഭവന്തു'

നമ്മുടെ നാട് ലോകത്തിന് നല്‍കിയ പ്രാര്‍ത്ഥന. ഇത് ഏറ്റവും അര്‍ത്ഥവത്തായി മാറിയ ഒരു സമയത്താണ് നമുക്ക് ഏറെ പ്രിയപ്പെട്ട മണ്ണിന്റെ മണമുള്ള ആഘോഷമായ ഓണക്കാലം എത്തിച്ചേര്‍ന്നിരിക്കുന്നത്. നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി ജീവിക്കുന്നതില്‍ സന്തോഷം കണ്ടെത്തുകയും, അതിന് അപ്പുറത്തുള്ളവരുടെ കാര്യങ്ങള്‍ തങ്ങളുടേതല്ലെന്ന് ആശ്വസിക്കുകയും ചെയ്തുപോരുമ്പോഴാണ് കൊറോണാവൈറസ് എന്ന മഹാമാരി ഭൂമിയെ കീഴടക്കിയത്. 

ഇപ്പോള്‍ നാം ഒരു കാര്യം ശ്രദ്ധിച്ചേ മതിയാകൂ, നമ്മള്‍ മാത്രമല്ല ചുറ്റുമുള്ളവരും, ഈ ലോകം മുഴുവനും ആരോഗ്യത്തോടെ ഇരിക്കണം. 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന പ്രാര്‍ത്ഥനയ്ക്ക് ഇതിലും മൂല്യമുള്ള സമയമേതാണ്! വെട്ടിപ്പിടിക്കാനുള്ള നെട്ടോട്ടത്തിന് തടയിട്ട് ചുരുങ്ങി ജീവിക്കാനും, ചുരുങ്ങി ആഘോഷിക്കാനും നമുക്ക് കഴിയുമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈ അവസ്ഥ. മാറ്റാന്‍ കഴിയാത്തവയെന്ന് വിശ്വസിച്ച പല ശീലങ്ങളും ഇപ്പോള്‍ ഒഴിവാക്കേണ്ടി വന്നിരിക്കുന്നു. 

കാലം അങ്ങിനെയാണ്, ചില ഓര്‍മ്മപ്പെടുത്തലുകള്‍ നല്‍കും, അത് മനസ്സില്‍ ഏറ്റുവാങ്ങി ശീലമാക്കാന്‍ തയ്യാറായാല്‍ ലോകത്ത് എന്നും 'ഓണം' നിറയും. നഴ്‌സുമാരും, ഡോക്ടര്‍മാരും മുതല്‍ ആശുപത്രിയിലെ ക്ലീനിംഗ് ജീവനക്കാര്‍ വരെയുള്ളവര്‍ ഒരു ഭാഗത്ത് പോരാടുമ്പോള്‍ മറുവശത്ത് സുരക്ഷിതമായ രീതിയില്‍ ജീവിച്ച് അവരെ സഹായിക്കാനുള്ള ബാധ്യത ഓരോരുത്തര്‍ക്കുമുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗത്തും സഞ്ചരിച്ചെത്തിയ മലയാളി നഴ്‌സിംഗ് സമൂഹം ഭാരതം വിളംബരം ചെയ്ത 'ലോകത്തിന് മുഴുവന്‍ സുഖം പ്രാപിക്കട്ടെ' എന്ന വാക്യം അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കുന്നുവെന്നത് അഭിമാനകരമായ കാര്യം തന്നെ. 

ഈ ഓണത്തിന് പലര്‍ക്കും വീടുകളില്‍ എത്തിച്ചേരാനോ, കുടുംബാംഗങ്ങള്‍ക്കൊപ്പം ആഘോഷിക്കാനോ കഴിയാത്ത അവസ്ഥയുണ്ട്. അപ്പോഴാണ് ഓണത്തിന്റെ അര്‍ത്ഥം ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളേണ്ടതും. ഏത് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയാലും തന്റെ പ്രജകളെ കാണാന്‍, ഐശ്വര്യം നേരാന്‍ മഹാബലി തമ്പുരാന്‍ കേരളനാട്ടിലേക്ക് വന്നുചേരുന്നത് പോലെ എത്രയൊക്കെ അകലെയെന്ന് തോന്നിയാലും 'നല്ല ദിനങ്ങള്‍' നമ്മളിലേക്ക് തിരിച്ചെത്തുക തന്നെ ചെയ്യും. 

അതുവരെ നമുക്ക് പ്രാര്‍ത്ഥിക്കാം 'ലോകാ സമസ്താ സുഖിനോ ഭവന്തു'. 
കൂടുതല്‍വാര്‍ത്തകള്‍.