
















നോര്‍ത്ത് ഈസ്റ്റ് മേഖലയില്‍ പ്രഖ്യാപിച്ച പുതിയ ലോക്ക്ഡൗണ്‍ നിയമങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ വിയര്‍ത്ത് പ്രധാനമന്ത്രി. ലോക്ക്ഡൗണ്‍ നിയമങ്ങളെക്കുറിച്ച് കൃത്യമായി വിശദീകരിക്കാന്‍ കഴിയാതെ വന്നതോടെ അപൂര്‍വ്വമായി മാത്രം പുറത്തുവരുന്ന മാപ്പ് പറഞ്ഞ് തടിയൂരേണ്ട അവസ്ഥയിലാണ് ബോറിസ് ജോണ്‍സണ്‍. സ്വയം അറിയാത്ത നിയമങ്ങള്‍ മനസ്സിലാക്കി കൊറോണ പ്രതിരോധത്തില്‍ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് ലേബര്‍ പാര്‍ട്ടി രംഗത്തെത്തി.
പുതിയ വിലക്കുകള്‍ പ്രവര്‍ത്തിക്കുന്ന രീതിയെ കുറിച്ച് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് ബോറിസ് തെറ്റായ വിവരങ്ങള്‍ പങ്കുവെച്ചത്. കുടുംബങ്ങള്‍ക്ക് ആറ് പേരില്‍ കൂടുതലാണെങ്കിലും ഇന്‍ഡോറില്‍ കൂടിച്ചേരുന്നതില്‍ കുഴപ്പമില്ലെന്ന് വരെ അദ്ദേഹം പറഞ്ഞുകളഞ്ഞു. സംഗതി കൈവിട്ട് പോയെന്ന് തിരിച്ചറിഞ്ഞതോടെയാണ് ട്വീറ്ററില്‍ ആശയക്കുഴപ്പം അവസാനിപ്പിച്ച് ബോറിസ് വിശദീകരണവുമായി എത്തിയത്. പറഞ്ഞതില്‍ പാകപ്പിഴകള്‍ സംഭവിച്ചെന്നും, ഇന്‍ഡോറിലും വിവിധ കുടുംബങ്ങള്‍ ഒരുമിക്കാന്‍ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 
രണ്ട് മില്ല്യണ്‍ ജനങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന നിയമങ്ങള്‍ എന്തെന്ന് പ്രധാനമന്ത്രിക്ക് പോലും മനസ്സിലാകുന്നില്ലെന്ന് ലേബര്‍ ഡെപ്യൂട്ടി നേതാവ് ആഞ്ചല റെയ്‌നര്‍ കുറ്റപ്പെടുത്തി. 'സ്വന്തം നിയമങ്ങള്‍ പ്രധാനമന്ത്രിക്ക് അറിയില്ലെന്നത് കടുത്ത വീഴ്ചയാണ്. രാജ്യത്തെ വലിയൊരു പ്രദേശത്ത് നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ സര്‍ക്കാരിന് എന്തെങ്കിലും നിയന്ത്രണം വേണം', അവര്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ കൊറോണാവൈറസ് അധികാരങ്ങള്‍ പാര്‍ലമെന്റിന്റെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെടുന്ന ടോറി എംപിമാരും ഈ അവസരം മുതലാക്കുന്നുണ്ട്.
എന്തായാലും കാര്യങ്ങള്‍ വിശദമാക്കാന്‍ മെഡിക്കല്‍, ശാസ്ത്ര മേധാവികളായ ക്രിസ് വിറ്റിക്കും, പാട്രിക്ക് വാല്ലസിനും ഒപ്പം പ്രധാനമന്ത്രി ഒരുവട്ടം കൂടി പത്രസമ്മേളനത്തില്‍ എത്തും. മഹാമാരി നേരിടുന്ന പ്രവര്‍ത്തനരീതികളെ വിമര്‍ശിക്കുന്നവര്‍ ഈ മേധാവികളെ പുറത്താക്കണമെന്ന് വരെ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ലോക്കല്‍ ലോക്ക്ഡൗണുകളിലേക്ക് നയിച്ച ഇവരുടെ ഉപദേശങ്ങളെ പ്രധാനമന്ത്രി ന്യായീകരിക്കുകയാണ്.