CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 59 Minutes Ago
Breaking Now

ഇത് സിനിമയല്ല, ഒറിജിനല്‍ ആകാശ 'ഭീകരത'! യുണൈറ്റഡ് എയര്‍ലൈന്‍സ് ബോയിംഗ് വിമാനം 231 യാത്രക്കാരുമായി പറക്കവെ എഞ്ചിന്‍ പൊട്ടിത്തെറിച്ചു; അവശിഷ്ടങ്ങള്‍ താഴേക്ക് വീഴുന്നതിനിടെ ധൈര്യപൂര്‍വ്വം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി പൈലറ്റ് രക്ഷകനായി

എല്ലാം തീര്‍ന്നെന്ന് കരുതി ഇരിക്കുമ്പോഴാണ് പൈലറ്റ് സധൈര്യം വിമാനം തിരികെ പറത്തി സുരക്ഷിതമായി ലാന്‍ഡിംഗ് നടത്തിയത്.

അമേരിക്കന്‍ ആകാശത്ത് സിനിമയെ വെല്ലുന്ന സീനുകള്‍ക്കൊടുവില്‍ ബോയിംഗ് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി നാടകീയതയ്ക്ക് കര്‍ട്ടനിട്ടു. 15,000 അടി മുകളില്‍ വെച്ചാണ് യുണൈറ്റഡ് എയര്‍ലൈന്‍സ് ബോയിംഗ് 777 വിമാനത്തിന്റെ എഞ്ചിന്‍ തകര്‍ന്നത്. അവശിഷ്ടങ്ങള്‍ താഴേക്ക് വീഴുന്നതിനിടയില്‍ വിമാനം സാഹസികമായി അടിയന്തര ലാന്‍ഡിംഗ് നടത്തി പൈലറ്റ് ഹീറോയായി. 

ഹവായിലേക്ക് യാത്ര തുടങ്ങിയ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരും, ജീവനക്കാരുമാണ് മരണത്തെ മുഖാമുഖം കണ്ടത്. ഡെന്‍വറില്‍ നിന്നും പറന്നുയര്‍ന്ന് കുറച്ച് സമയം പിന്നിട്ടപ്പോഴാണ് എഞ്ചിനുകളില്‍ ഒന്ന് തകര്‍ന്നത്. ഇതോടെ അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ പൈലറ്റ് നിര്‍ബന്ധിതമായി. കൊളറാഡോയിലെ മേഖലകളില്‍ വീടുകള്‍ക്ക് മേല്‍ വിമാന അവശിഷ്ടങ്ങള്‍ വീണുതുടങ്ങിയപ്പോഴാണ് പൈലറ്റ് 'മേയ് ഡേ' വിളിച്ച് എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ സഹായം തേടി വിമാനം തിരിച്ചത്. 

231 യാത്രക്കാരും, 10 ജീവനക്കാരും അടങ്ങിയ യുഎ328 വിമാനത്തിന്റെ എഞ്ചിന്‍ ഡെന്‍വറില്‍ നിന്നും ടേക്ക്ഓഫ് നടത്തിയതിന് പിന്നാലെ തീപിടിച്ച ദൃശ്യങ്ങള്‍ യാത്രക്കാര്‍ പകര്‍ത്തിയിട്ടുണ്ട്. അടിയന്തര ലാന്‍ഡിംഗ് നടത്തുന്നതിനിടെ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. കൊളറാഡോ ബ്രൂംഫീല്‍ഡിലെ ഒരു വീടിന്റെ അടുക്കള തകര്‍ത്താണ് അവശിഷ്ടം പതിച്ചത്. ഹവായിലേക്ക് തിരിച്ച ബോയിംഗ് 777 വിമാനം യാത്ര തുടങ്ങി അരമണിക്കൂറിന് പിന്നാലെ ഡെന്‍വറിലേക്ക് തിരിച്ചുവിട്ട് സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. 

അവശിഷ്ടങ്ങള്‍ വീണ് ആര്‍ക്കെങ്കിലും പരുക്കേറ്റിട്ടുണ്ടെങ്കില്‍ മുന്നോട്ട് വരാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മരണമാണ് തൊട്ടുമുന്നിലെന്നാണ് എഞ്ചിന്‍ പൊട്ടിത്തെറിച്ചതോടെ ചിന്തിച്ച് പോയതെന്ന് ചില യാത്രക്കാര്‍ പ്രതികരിച്ചു. എല്ലാം തീര്‍ന്നെന്ന് കരുതി ഇരിക്കുമ്പോഴാണ് പൈലറ്റ് സധൈര്യം വിമാനം തിരികെ പറത്തി സുരക്ഷിതമായി ലാന്‍ഡിംഗ് നടത്തിയത്. 




കൂടുതല്‍വാര്‍ത്തകള്‍.