CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 48 Minutes 30 Seconds Ago
Breaking Now

ആത്മവിശ്വാസം അതിരുകടന്നോ? യുകെയിലെ നാലില്‍ ഒരിടത്ത് വീതം കൊറോണാവൈറസ് ഇന്‍ഫെക്ഷനുകള്‍ വീണ്ടും ഉയരുന്നു; റൂത്ത്‌ലാന്‍ഡ്, ഈസ്റ്റ് ലോത്തിയാന്‍, മിഡ് & ഈസ്റ്റ് ആന്‍ഡ്രിം എന്നിവിടങ്ങളില്‍ വലിയ കുതിപ്പ്; 'റിലാക്‌സ്' ചെയ്യാന്‍ സമയമായില്ലെന്ന് ജനങ്ങളെ ഓര്‍മ്മിപ്പിച്ച് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്

യുകെ മികച്ച കാലാവസ്ഥയിലേക്ക് മാറുമ്പോള്‍ റിലാക്‌സ് ചെയ്യരുതെന്നാണ് ജോന്നാഥന്‍ വാന്‍ ടാം ജനങ്ങള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്

ആശ്വസിക്കാന്‍ സമയമായെന്ന് കരുതിയിരിക്കുമ്പോള്‍ ഇടിത്തീ പോലെ വീണ്ടുമൊരു കണക്ക് തിരിച്ചടിയാകുന്നു. കൊറോണാവൈറസ് ഇന്‍ഫെക്ഷന്‍ നിരക്ക് ബ്രിട്ടനിലെ നാലില്‍ ഒരിടത്ത് വീതം ഉയരുന്നതായാണ് ഔദ്യോഗിക ഡാറ്റ കണ്ടെത്തിയിരിക്കുന്നത്. 380 യുകെ കൗണ്‍സിലുകളില്‍ 98 ഇടങ്ങളില്‍, ഏകദേശം 25 ശതമാനം മേഖലകളില്‍ ഫെബ്രുവരി 21 വരെയുള്ള ആഴ്ചയില്‍ കേസുകള്‍ ഉയര്‍ന്നതായാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് കണക്ക് വ്യക്തമാക്കുന്നത്. ഇംഗ്ലണ്ടില്‍ 315 കൗണ്‍സിലുകളില്‍ 71 ഇടത്തും ഈ അവസ്ഥയുണ്ട്. 

ലെസ്റ്റര്‍ഷയറിന് സമീപമുള്ള റൂത്ത്‌ലാന്‍ഡിലാണ് ഏറ്റവും വേഗത്തില്‍ കേസുകള്‍ കുതിച്ചത്. 87 ശതമാനം കുതിപ്പാണ് ഇവിടെ രേഖപ്പെടുത്തിയത്. സ്‌കോട്ട്‌ലണ്ടിലെ ഈസ്റ്റ് ലോത്തിയനാണ് തൊട്ടുപിന്നില്‍. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മിഡ് & ഈസ്റ്റ് ആന്‍ട്രിമും മൂന്നാമതുണ്ട്. റൂത്ത്‌ലാന്‍ഡിലെ കേസുകളുടെ കുതിപ്പിന് പിന്നില്‍ ഇവിടുത്തെ എച്ച്എംപി ജയിലില്‍ വൈറസ് വ്യാപിച്ചതാണെന്നാണ് കണ്ടെത്തല്‍. ഇത് പിന്നീട് മേഖലയില്‍ മുഴുവന്‍ പടര്‍ന്നു. തിങ്കളാഴ്ച പ്രൈമറി സ്‌കൂളുകള്‍ പുനരാരംഭിച്ച സ്‌കോട്ട്‌ലണ്ടില്‍ കേസുകള്‍ ഉയരാന്‍ ഇത് കാരണമായിട്ടുണ്ടോയെന്ന് വ്യക്തമല്ല. 

എന്നിരുന്നാലും ഭൂരിപക്ഷം മേഖലകളിലും ഇന്‍ഫെക്ഷന്‍ നിരക്ക് കുറഞ്ഞുവെന്നത് ആശ്വാസകരമാണ്. വെസ്റ്റ് ഡിവോണിലാണ് കേസുകള്‍ കുത്തനെ ഇടിഞ്ഞത്. സ്‌കോട്ട്‌ലണ്ടിലെ ആര്‍ഗില്‍ & ബ്യൂട്ട്, ഹാംപ്ഷയറിലെ വിന്‍ചെസ്റ്റര്‍ എന്നിവിടങ്ങളിലും മികച്ച രീതിയില്‍ കേസുകള്‍ കുറഞ്ഞു. അതേസമയം ഇംഗ്ലണ്ടിലെ അഞ്ചിലൊന്ന് ലോക്കല്‍ അതോറിറ്റികളിലാണ് ഒരാഴ്ച കൊണ്ട് കേസുകള്‍ വര്‍ദ്ധിച്ചതെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് ചൂണ്ടിക്കാണിച്ചു. 

യുകെ മികച്ച കാലാവസ്ഥയിലേക്ക് മാറുമ്പോള്‍ റിലാക്‌സ് ചെയ്യരുതെന്നാണ് ജോന്നാഥന്‍ വാന്‍ ടാം ജനങ്ങള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്. ഈ യുദ്ധം ഇതുവരെ ജയിച്ചിട്ടില്ലെന്ന് ഇദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. രണ്ടാംഘട്ട വൈറസ് വ്യാപനം ഇംഗ്ലണ്ടില്‍ ഒതുങ്ങുന്നതായാണ് വിവിധ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിനിടയില്‍ ചില മേഖലകളില്‍ മാത്രമായി കേസുകള്‍ ഉയരാനുള്ള കാരണമാണ് സംശയകരമായി നിലകൊള്ളുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.