CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 39 Minutes 50 Seconds Ago
Breaking Now

ഒളിച്ചിരുന്നാലും രാജകുമാരന് രക്ഷയില്ല; യുഎസിലെ ലൈംഗിക പീഡന കേസില്‍ കോടതി പേപ്പറുകള്‍ വാങ്ങാതെ മുങ്ങുന്ന ആന്‍ഡ്രൂവിന് രേഖകള്‍ എത്തിക്കാമെന്ന് സമ്മതിച്ച് ഹൈക്കോടതി; രാജ്ഞിയുടെ 'തലതെറിച്ച' മകന് കോടതി കയറേണ്ടി വരും!

റോബര്‍ട്‌സിന്റെ അഭിഭാഷകര്‍ പേപ്പറുകള്‍ നല്‍കാന്‍ പരാജയപ്പെട്ടാല്‍ കോടതി ഇത് നടത്തും

യുഎസില്‍ തനിക്കെതിരെ ഒരു ലൈംഗിക പീഡന പരാതിയില്‍ കോടതിയില്‍ എത്തിയത് മുതല്‍ മുങ്ങി നടക്കുകയാണ് ആന്‍ഡ്രൂ രാജകുമാരന്‍. യുഎസ് കോടതിയില്‍ നിന്നും എത്തുന്ന ഔദ്യോഗിക രേഖകള്‍ കൈപ്പറ്റാതെ, ഇതിന്റെ സാങ്കേതികതയില്‍ കെട്ടിത്തൂങ്ങി അമേരിക്കയിലെ കേസില്‍ നിന്നും തലയൂരാനുള്ള ശ്രമങ്ങള്‍ക്ക് തടയിട്ട് യുകെ ഹൈക്കോടതി. വിര്‍ജിനിയ റോബര്‍ട്‌സിന്റെ ലൈംഗിക പീഡന ആരോപണം സംബന്ധിച്ച് ഔദ്യോഗികമായി ആന്‍ഡ്രൂ രാജകുമാരനെ അറിയിക്കാമെന്ന് ഹൈക്കോടതി സമ്മതിച്ചതോടെയാണ് കുരുക്ക് മുറുകുന്നത്. 

ഇതോടെ കേസില്‍ യുഎസ് കോടതിയില്‍ ഹാജരായി രാജകുമാരന്‍ തെളിവ് നല്‍കാന്‍ നിര്‍ബന്ധിതനാകും. ബാല്‍മൊറാലില്‍ രാജ്ഞിയ്‌ക്കൊപ്പം തങ്ങുന്ന ആന്‍ഡ്രൂ രാജകുമാരനൊപ്പം മുന്‍ ഭാര്യ സാറാ ഫെര്‍ഗൂസണും താമസിക്കുന്നുണ്ട്. ഈ ഘട്ടത്തിലാണ് റോബര്‍ട്‌സിന്റെ നിയമസംഘത്തിന്റെ അപേക്ഷ പരിഗണിച്ച് ആന്‍ഡ്രൂവിനെ ഔദ്യോഗികമായി ബന്ധപ്പെടാമെന്ന് ഇംഗ്ലീഷ് ജഡ്ജിമാര്‍ സമ്മതിച്ചത്. നേരത്തെ ഇത്തരമൊരു അപേക്ഷ സാങ്കേതികതയുടെ പേരില്‍ ഇവര്‍ തള്ളിയിരുന്നു. 

ഒരു വ്യക്തിക്ക് മറ്റൊരാള്‍ക്കെതിരെ സിവില്‍ കേസ് നല്‍കണമെങ്കില്‍ ഔദ്യോഗികമായി ലീഗല്‍ പേപ്പറുകള്‍ എതിര്‍ പാര്‍ട്ടിക്ക് എത്തിച്ച് നല്‍കണം. സര്‍വ്വീസ് ഓഫ് പ്രൊസീഡിംഗ്‌സ് എന്ന ഈ നടപടിക്രമം പൂര്‍ത്തിയാക്കുന്നതില്‍ നിന്നും ആന്‍ഡ്രൂ മുങ്ങുകയാണ്. 61-കാരനായ രാജകുമാരന് രേഖകള്‍ എത്തിക്കാന്‍ പല വഴികളും തേടിയെന്ന് റോബര്‍ട്‌സിന്റെ നിയമസംഘം കോടതിയെ അറിയിച്ചു. സൗത്ത് ഇംഗ്ലണ്ടിലെ വസതിയില്‍ ഒരു പോലീസ് ഓഫീസറുടെ കൈയില്‍ എത്തിച്ചും, റോയല്‍ മെയില്‍ വഴി അയച്ചുമെല്ലാം ശ്രമം നടത്തി. എന്നാല്‍ കൃത്യമായി നോട്ടീസ് സേര്‍വ് ചെയ്തില്ലെന്ന സാങ്കേതികതയിലാണ് രാജകുമാരന്റെ നിയമ ടീം കടിച്ചുതൂങ്ങിയത്. 

ഇതോടെയാണ് ഹേഗ് സര്‍വ്വീസ് കണ്‍വെന്‍ഷന്‍ ഉപയോഗിച്ച് ആന്‍ഡ്രൂവിനെ നടപടിയെ കുറിച്ച് ഔദ്യോഗികമായി ബന്ധപ്പെടാന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ ആവശ്യം കോടതി അംഗീകരിച്ചു. ഇതോടെ റോബര്‍ട്‌സിന്റെ അഭിഭാഷകര്‍ പേപ്പറുകള്‍ നല്‍കാന്‍ പരാജയപ്പെട്ടാല്‍ കോടതി ഇത് നടത്തും. ഇതോടെ ആന്‍ഡ്രൂവിന് കോടതിയില്‍ സ്വയം പ്രതിരോധിക്കേണ്ടി വരും. 




കൂടുതല്‍വാര്‍ത്തകള്‍.