ഗ്ലോസ്റ്റര്‍ റോട്ടറി ക്ലബ് ആഭിമുഖ്യത്തില്‍ നടന്ന ബോട്ട് റേസില്‍ ജിഎംഎ ഡ്രാഗന്‍ രണ്ടാം സ്ഥാനം നേടി. മുന്‍ വര്‍ഷം മൂന്നാം സ്ഥാനം നേടിയിരുന്ന ടീം ഇക്കുറി നേരിയ വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനത്തിന്റെ കപ്പ് നഷ്ടമാക്കിയത്. മത്സരത്തില്‍ പങ്കെടുത്ത ഓരോരുത്തര്‍ക്കും ഇതൊരു മത്സരം എന്നതിലുപരി കേരളത്തിന്റെ സംസ്‌കാരം ഊന്നിപറയാനുള്ള ആവേശം നിറഞ്ഞ ആഘോഷമാണ് . കുറച്ചു വര്‍ഷങ്ങളായി ടീം മത്സരത്തിന്റെ ഭാഗമാണ്.യങ്ങ് ഗ്ലോസ്റ്റര്‍ഷെയര്‍ ചാരിറ്റിക്ക് വേണ്ടിയാണ് ഇക്കുറി ടീം മത്സരിച്ചത്. എല്ലാവര്‍ഷവും ജിഎംഎ ചാരിറ്റിയ്ക്ക് വേണ്ടി തന്നെയാണ് മത്സരിക്കാറുള്ളത്.
മോശമായ കാലാവസ്ഥയിലും മികച്ച പ്രകടനമാണ് ജിസോ എബ്രഹാമും ടീമും കാഴ്ച വച്ചത്. മത്സരത്തില്‍ 11 ഓളം ടീമുകള്‍ പങ്കെടുത്തു
ശക്തിയേറിയ മത്സരം കാഴ്ചവച്ച് ജിഎംഎ ഡ്രാഗണ്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി.
കാലാവസ്ഥ മോശമായിട്ടും വള്ളം കളി മത്സരത്തിന്റെ ആവേശം ചോരാതെ മലയാളികള്‍ ധാരാളം പങ്കെടുത്തു. ജിഎംഎ കുടുംബങ്ങളും ടീം അംഗങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഉണ്ടായി.
വേഷവിധാനങ്ങള്‍ കൊണ്ട് തന്നെ ജിഎംഎ ടീം മത്സരത്തില്‍ ശ്രദ്ധേയമായി.
മത്സരത്തില്‍ വിജയിച്ചവര്‍ക്ക് ഗ്ലോസ്റ്റര്‍ മേയര്‍ കേളെറ്റ് ഫിനെഗന്‍ സമ്മാന ദാനം നടത്തി.
മലയാളികളെ സംബന്ധിച്ച് വെറുമൊരു മത്സരം എന്നതിലുപരി ഒരു വികാരമാണ് വള്ളംകളി. അതിനാല്‍ തന്നെ തുഴയെറിയുമ്പോഴുള്ള ആവേശം നാട്ടിലെ മനോഹരമായ ചില ഓര്‍മ്മകളെ പൊടിതട്ടിയെടുക്കുന്നതായിരുന്നു. ആവേശവും ആഘോഷവുമായി ഒപ്പം ചാരിറ്റിയ്ക്കും വേണ്ടി ടീം മികച്ച പ്രകടനം തന്നെയാണ് കാഴ്ചവച്ചത്. പങ്കെടുക്കുമ്പോഴെല്ലാം മികച്ച നേട്ടം കൊയ്ത് അഭിമാനമായി മാറുകയാണ് ജിഎംഎ ടീം.