Breaking Now

സോണിയ- ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച വൈകീട്ട് നാലിന്

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേരളത്തിലെ നേതാക്കള്‍ക്ക് സാധിക്കാതെ വന്നതോടെ ഹൈക്കമാന്‍ഡ് ഇടപെടുന്നു. ഇന്ന് വൈകീട്ട് 4 നു സോണിയ -ഉമ്മൻ ചാണ്ടി കൂടിക്കാഴ്ച.

ഭക്ഷ്യസുരക്ഷാ നിയമം ചര്‍ച്ചചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വം ഉമ്മന്‍ ചാണ്ടിയെ ഡല്‍ഹിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. യോഗശേഷം വൈകീട്ട് നാലോടെ സോണിയ- ചാണ്ടി കൂടിക്കാഴ്ച്ച നടന്നേക്കും. കേരളത്തിലെ ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളും ഗ്രൂപ്പ് വഴക്കും നിലവിലെ സോളാര്‍ വിവാദവും മന്ത്രിസഭാ പുനസംഘടനയും ഇരുവരും ചര്‍ച്ച ചെയ്‌തേക്കും. 

സോണിയ-ചാണ്ടി കൂടിക്കാഴ്ച്ചയ്ക്കു പിന്നാലെ, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായും ചര്‍ച്ചകളുണ്ടാകും.

ഇന്നത്തെ യോഗത്തിനു ക്ഷണമുണ്ടെങ്കിലും രമേശ് പങ്കെടുക്കുന്നില്ല. പ്രശ്‌നം കേരളത്തില്‍ പരിഹരിക്കുകയെന്നതായിരുന്നു നേതൃത്വത്തിന്റെ ആദ്യ നിര്‍ദേശം. എന്നാല്‍ സ്ഥിതി വഷളാവുകയാണു ചെയ്തത്. ഹൈക്കമാന്‍ഡ് പ്രതിനിധിയെ സംസ്ഥാനത്തേക്കു നിയോഗിക്കാന്‍ ആലോചിച്ചെങ്കിലും പ്രധാന നേതാക്കളെ ഡല്‍ഹിയിലേക്കു വിളിപ്പിക്കാന്‍ ഒടുവില്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞദിവസം കേരളം സന്ദര്‍ശിച്ച പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ വിലയിരുത്തലാണ് ഇക്കാര്യത്തില്‍ നിര്‍ണായകമായതെന്നാണു സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ പ്രശ്‌നപരിഹാരം വൈകിക്കരുതെന്ന പൊതുവികാരമാണ് ഇപ്പോള്‍ നേതൃത്വത്തിനുള്ളത്. പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ എന്തുചെയ്യണമെന്നായിരിക്കും നേതൃത്വം ചര്‍ച്ചചെയ്യുക. നേതൃമാറ്റത്തെക്കുറിച്ച് ഇപ്പോള്‍ സൂചനകളില്ലെങ്കിലും മന്ത്രിസഭാ പുനഃസംഘടന ഉള്‍പ്പെടെയുള്ള മുഖംമിനുക്കല്‍ പ്രതീക്ഷിക്കാം.

ഉമ്മന്‍ ചാണ്ടി കേന്ദ്ര ഭക്ഷ്യമന്ത്രി കെ.വി. തോമസിന്റെ ഓഫീസിലെത്തി ഇന്നു രാവിലെ ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തിയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.