CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 3 Seconds Ago
Breaking Now

പഹല്‍ഗാം ഭീകരാക്രമണം: മുസ്ലീമായതില്‍ വേദനിക്കുന്നുവെന്ന് ഹിനാ ഖാന്‍

ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ ഭീകരര്‍ കൊലപ്പെടുത്തിയതില്‍ വേദന പങ്കുവെച്ച് നടി ഹിന ഖാന്‍. ബൈസരന്‍ താഴ്വരയില്‍ നിന്നുള്ള ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ തന്റെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചതായി കശ്മീര്‍ സ്വദേശി കൂടിയായ ഹിന പറഞ്ഞു. ആക്രമണത്തെ രാജ്യത്തിന്റെ കറുത്തദിനമെന്ന് വിശേഷിപ്പിച്ച അവര്‍ ഒരു മുസ്ലീമും ഇന്ത്യക്കാരിയുമായ തന്നെ സംഭവം വേദനിപ്പിച്ചതായും കൂട്ടിച്ചേര്‍ത്തു.

സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമിലാണ് അവര്‍ കുറിപ്പ് പങ്കുവെച്ചത്. ''അനുശോചനം അറിയിക്കുന്നു. ഇരുണ്ടദിനമാണിത്. കണ്ണുകളില്‍ കണ്ണുനീര്‍ നിറഞ്ഞ് തുളുമ്പുന്നു. യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടാല്‍ അത് ഒന്നും അര്‍ത്ഥമാക്കുന്നില്ല. മുസ്ലീങ്ങളാണെന്ന് അവകാശപ്പെടുന്ന ഹൃദയശൂന്യരായ, മനുഷ്യത്വരഹിതമായ, മസ്തിഷ്‌ക പ്രക്ഷാളനം നടത്തിയ തീവ്രവാദികള്‍ നടത്തിയ ഈ ആക്രമണം ഭയപ്പെടുത്തുന്നു. ഒരാളെ തോക്കിന്‍ മുനയില്‍ നിറുത്തി മതം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനാക്കി പിന്നീട് കൊലപ്പെടുത്തിയത് ഒരു മുസ്ലീമാണെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇത് എന്റെ ഹൃദയം തകര്‍ക്കുന്നു. ഒരു മുസ്ലീം എന്ന നിലയില്‍ എല്ലാ ഹിന്ദുക്കളോടും ഇന്ത്യക്കാരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു,'' അവര്‍ പറഞ്ഞു.

ഭീകരാക്രമണം തന്നെ മാനസികമായി അസ്വസ്ഥമാക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. അതേസമയം, വേദന തന്റേത് മാത്രമല്ലെന്നും നഷ്ടത്തില്‍ ദുഃഖിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയുമാണെന്ന് അവര്‍ പറഞ്ഞു. ''അവര്‍ക്ക് സഹിക്കാനുള്ള ശക്തിയും സമാധാനവും ലഭിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ആക്രമണത്തെ അപലപിക്കുന്നു. ഇത് ചെയ്തവരെ ഞാന്‍ പൂര്‍ണമായും വെറുക്കുന്നു,'' ഹിന പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.