CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 56 Minutes 43 Seconds Ago
Breaking Now

പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ അക്രമിച്ചാലും ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് 'നോവും'! പാക് കേന്ദ്രങ്ങളുടെ പ്രസ്താവനകള്‍ തൊണ്ടതൊടാതെ വിഴുങ്ങി ഡെയ്‌ലി മെയിലും, ബിബിസിയും, ഗാര്‍ഡിയനും; ഇന്ത്യ നടത്തിയ 'യുദ്ധപ്രഖ്യാപനത്തില്‍' പാകിസ്ഥാന്‍ തിരിച്ചടിക്കുന്നതാണെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍

ഒന്നും സംഭവിച്ചിട്ടില്ല, എല്ലാം സാധാരണക്കാരുടെ കേന്ദ്രങ്ങളെന്ന പ്രാദേശിക ഭാഷ്യം ഉള്‍പ്പെടുത്തുന്നതില്‍ ബിബിസി പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു

ബ്രിട്ടീഷ് മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് പല തവണ മുന്‍പ് പുറത്തുവന്നിട്ടുള്ളത് തന്നെയാണ്. പഹല്‍ഗാമില്‍ തീവ്രവാദികള്‍ ഭീകരാക്രമണം നടത്തിയപ്പോള്‍ വെറും തോക്കുധാരികളെന്നും, വെടിവെപ്പെന്നും മാത്രം പറഞ്ഞ് ഭീകരരെ വെള്ളപൂശിയ ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഇപ്പോള്‍ ആ 'സോപ്പെല്ലാം' എടുത്തുപൂട്ടി വെച്ച് ഇന്ത്യന്‍ വിരോധം പരമാവധി എഴുതിപിടിപ്പിക്കുകയാണ്. 

പാകിസ്ഥാനിലും, പാക് അധീന കശ്മീരിലും സ്ഥിതി ചെയ്യുന്ന ഭീകരവാദ കേന്ദ്രങ്ങളില്‍ തിരിച്ചടി നല്‍കിയതോടെയാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ സടകുടഞ്ഞ് എഴുന്നേറ്റിരിക്കുന്നത്. ഇന്ത്യന്‍ മണ്ണില്‍ നടന്ന അക്രമത്തിന് ചുട്ടമറുപടി നല്‍കുമ്പോള്‍ ഇവര്‍ക്ക് വേദനിക്കുന്നുവെന്നതാണ് ഇതില്‍ ഏറെ പ്രസക്തമായ ഭാഗം. പണ്ട് ബ്രിട്ടന്‍ ഇന്ത്യയെ ഭരിച്ചിരുന്നുവെന്നത് ശരിയാണ്. പക്ഷെ സ്വാതന്ത്ര്യം നേടിയ ഇന്ത്യ ഇവിടുത്തെ ജനങ്ങളുടെ ഹിതത്തിനായി ചെയ്യുന്ന പ്രവര്‍ത്തികളില്‍ കടുത്ത അസൂയയും, കുശുമ്പും പങ്കുവെയ്ക്കുന്നത് പോലെയാണ് ബ്രിട്ടീഷ് മാധ്യമങ്ങളുടെ വാര്‍ത്തകള്‍. 

പാക് ഭാഷ്യം തൊണ്ടതൊടാതെ വിഴുങ്ങി റിപ്പോര്‍ട്ട് ചെയ്യുന്ന ഇവര്‍ക്ക് ഇന്ത്യയുടെ നടപടികള്‍ കണ്ണില്‍ പിടിക്കുന്നില്ല. ഇന്ത്യന്‍ മിസൈല്‍ അക്രമത്തില്‍ 'വെറും എട്ട്' പേര്‍ മരിച്ചുവെന്നാണ് ഗാര്‍ഡിയന്റെ വാര്‍ത്ത. ഇത് പാക് അധികൃതര്‍ പുറത്തുവിട്ട അതേ എണ്ണവുമാണ്. സ്വന്തം സൈനികര്‍ യുദ്ധത്തില്‍ മരിച്ചാല്‍ അത് പോലും സമ്മതിക്കാത്ത പാകിസ്ഥാന്‍ അവരുടെ മണ്ണിലെ ഭീകരവാദ നഴ്‌സറികളില്‍ ഭീകരര്‍ കൊല്ലപ്പെട്ടാല്‍ അതിന്റെ 'കറക്ട് കണക്ക്' കൃത്യമായി പറയുമെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്ന മിനിമം ബുദ്ധി പോലും ബ്രിട്ടീഷ് മാധ്യമങ്ങള്‍ കാണിക്കുന്നില്ല, അല്ലെങ്കില്‍ ഇന്ത്യന്‍ വിരോധം കൊണ്ട് അവര്‍ക്ക് അതിന് സാധിക്കുന്നില്ലെന്നതാണ് വസ്തുത. 

ഇന്ത്യന്‍ മിസൈല്‍ അക്രമം യുദ്ധപ്രഖ്യാപനമാണെന്നും, ഇതിന് തിരിച്ചടി നല്‍കുമെന്ന പാക് അധികൃതരുടെ പ്രഖ്യാപനവുമെല്ലാം പ്രാധാന്യത്തോടെ നല്‍കാന്‍ 'ഗാര്‍ഡിയന്‍' മറന്നിട്ടില്ല. ബിബിസിയും പതിവ് തെറ്റിച്ചിട്ടില്ല. മൂന്ന് കേന്ദ്രങ്ങളില്‍ നടന്ന അക്രമങ്ങളില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടെന്നാണ് അവരുടെ റിപ്പോര്‍ട്ട്. ഒന്നും സംഭവിച്ചിട്ടില്ല, എല്ലാം സാധാരണക്കാരുടെ കേന്ദ്രങ്ങളെന്ന പ്രാദേശിക ഭാഷ്യം ഉള്‍പ്പെടുത്തുന്നതില്‍ ബിബിസി പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു. 

ഇന്ത്യയിലെ 'തര്‍ക്കഭൂമിയില്‍' നടന്ന മാരകമായ അക്രമം ഇസ്ലാമാബാദിന് മേല്‍ കുറ്റമാക്കി ഇന്ത്യ പാകിസ്ഥാനിലെ 'ഭീകരകേന്ദ്രങ്ങളില്‍' മിസൈല്‍ അക്രമണം നടത്തിയെന്നാണ് ഡെയ്‌ലി മെയിലിന്റെ നിലപാട്. ഭാഗ്യത്തിന് ഇന്ത്യന്‍ ഗവണ്‍മെന്റ് നടത്തിയ പ്രസ്താവനയ്ക്ക് മെയില്‍ ഇടംകൊടുത്തിട്ടുണ്ട്. എന്നാല്‍ ഇതിനൊപ്പം പാകിസ്ഥാന്‍ 'എട്ട് പേര്‍' കൊല്ലപ്പെട്ട കഥയ്ക്കും ഇടം ലഭിച്ചു. 

സാക്ഷാല്‍ ഒസാമ ബിന്‍ ലാദനെ അമേരിക്കന്‍ സൈന്യത്തിന് പാകിസ്ഥാനില്‍ കടന്നുകയറി വെടിവെച്ച് കൊല്ലേണ്ടി വന്നിട്ടും, ഈ രാജ്യത്തിന്റെ ഭീകരവാദ പ്രേമത്തെ കണ്ടില്ലെന്ന് നടിക്കാന്‍ ഈ മാധ്യമങ്ങളും, വിദേശ ശക്തികളും തയ്യാറാകുന്നുവെങ്കില്‍ അതിന് പിന്നിലെ താല്‍പര്യങ്ങള്‍ സംബന്ധിച്ച് ഊഹിക്കാവുന്നതേയുള്ളൂ. 




കൂടുതല്‍വാര്‍ത്തകള്‍.