പുതിയ എന്‍എച്ച്എസ് മേധാവി ഒരു ഉത്തരവ് പുറപ്പെടുവിച്ചു. ട്രസ്റ്റുകള്‍ സേവിംഗ്‌സ് കണ്ടെത്തണം. അതിന് ഇറങ്ങിപ്പുറപ്പെടുന്ന ട്രസ്റ്റുകള്‍ എന്താണ് ചെയ്യുന്നതെന്നല്ലേ, ജീവനക്കാരെ കുറച്ചും, സേവനങ്ങള്‍ അവസാനിപ്പിച്ചും, ചികിത്സ റേഷന്‍ വ്യവസ്ഥയില്‍ നല്‍കി ചുരുക്കിയുമാണ് ഈ പറഞ്ഞ സേവിംഗ്‌സ് കണ്ടെത്താന്‍ ഇംഗ്ലണ്ടിലെ ആശുപത്രികള്‍ ശ്രമിക്കുന്നത്.
സേവനങ്ങളും, ജീവനക്കാരും ചുരുക്കി സേവിംഗ്‌സ് കണ്ടെത്താന്‍ ശ്രമിക്കുന്നത് രോഗികള്‍ക്ക് തന്നെ തിരിച്ചടിയായി മാറുമെന്ന വസ്തുത നിലനില്‍ക്കുമ്പോഴാണ് ഈ പരിപാടി. സാമ്പത്തിക പുനഃസംഘടന നടപ്പിലാക്കാനായാണ് ഇംഗ്ലണ്ടിലെ 215 എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ഈ വഴി തെരഞ്ഞെടുക്കുന്നത്. റിഹാബിലിറ്റേഷന്‍ സെന്ററുകള്‍ അടച്ചതിന് പുറമെ സംസാരിച്ചുള്ള തെറാപ്പി സേവനങ്ങള്‍ വെട്ടിക്കുറച്ചും, അന്ത്യകാല ചികിത്സയ്ക്കുള്ള ബെഡുകള്‍ കുറച്ചുമാണ് ആശുപത്രികള്‍ പ്രതികരിക്കുന്നത്.
എന്‍എച്ച്എസ് 6.6 ബില്ല്യണ്‍ ധനക്കമ്മി നേരിടുമെന്നാണ് പ്രവചനം. ഇത് സംഭവിക്കുന്നത് തടയുകയാണ് എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ജിം മാക്കിയുടെ ലക്ഷ്യം. ഇതിനായാണ് 2025-26 വര്‍ഷത്തില്‍ അസാധാരണമായ തോതില്‍ സേവിംഗ്‌സ് കണ്ടെത്താനുള്ള നിര്‍ദ്ദേശത്തിന് പിന്നില്‍.
എന്നാല്‍ ഇതിനായി ബജറ്റിന്റെ 12 ശതമാനം വരെ ലാഭിക്കുമ്പോള്‍ ഇത് ഫലത്തില്‍ രോഗികളെയും, കാത്തിരിപ്പ് സമയത്തെയുമാണ് ബാധിക്കുന്നതെന്ന് ട്രസ്റ്റ് മേധാവികള്‍ മുന്നറിയിപ്പ് നല്‍കുന്നു. സേവിംഗ്‌സ് ലക്ഷ്യങ്ങള്‍ കണ്ണഞ്ചിപ്പിക്കുന്നതാണെന്നും, വെല്ലുവിളിയാണെന്നും എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് സഫ്രോണ്‍ കോര്‍ഡെറി വ്യക്തമാക്കി. മറ്റ് മാര്‍ഗ്ഗമില്ലാതെ ട്രസ്റ്റുകള്‍ വലിയ വെട്ടിക്കുറവുകളാണ് വരുത്തുന്നത്. എന്‍എച്ച്എസിന് കഴിഞ്ഞ വര്‍ഷവും, ഈ വര്‍ഷവും 22 ബില്ല്യണ്‍ പൗണ്ട് അധികം നല്‍കിയതിന്റെ ഗുണവും കാണാതെ പോകും. 1500 ജോലിക്കാരെ വീതം ട്രസ്റ്റുകള്‍ പണം ലാഭിക്കാനായി കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.