സ്റ്റുഡന്റ് വിസാ അപേക്ഷകള്‍ കൂടുതല്‍ കടുപ്പിക്കാനുള്ള ഗവണ്‍മെന്റ് നീക്കത്തിനെതിരെ യുകെ യൂണിവേഴ്‌സിറ്റികള്‍. ഇപ്പോള്‍ തന്നെ മോശമായിരിക്കുന്ന സാമ്പത്തിക സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് ഇവര്‍ നല്‍കുന്ന മുന്നറിയിപ്പ്. അഭയാര്‍ത്ഥി അപേക്ഷകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സ്റ്റുഡന്റ് വിസയില്‍ ഇപ്പോള്‍ നിയന്ത്രണം വരുന്നത്.
ഇമിഗ്രേഷന്‍ ധവളപത്രം പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുകയാണ് ഗവണ്‍മെന്റ്. വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നത് പതിവാക്കിയ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ അപേക്ഷകള്‍ തള്ളാന്‍ ഗവണ്‍മെന്റ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കാലാവധി കഴിഞ്ഞ് താമസിക്കുന്നവര്‍ അഭയാര്‍ത്ഥിത്വത്തിന് അപേക്ഷിക്കുന്നത് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
എന്നാല്‍ യൂണിവേഴ്‌സിറ്റികള്‍ അഭിമുഖീകരിക്കുന്നത് ഗുരുതര സാഹചര്യമാണെന്ന് യൂണിവേഴ്‌സിറ്റീസ് യുകെ ചീഫ് എക്‌സിക്യൂട്ടീവ് വിവിയന്‍ സ്റ്റേണ്‍ പറഞ്ഞു. പുതിയ വിസാ നിയന്ത്രണം കൂടി വന്നാല്‍ വിദേശത്ത് നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വരവിനെ ബാധിക്കുകയും, വരുമാനം ഇടിയുകയും ചെയ്യുമെന്ന് സ്റ്റേണ്‍ ചൂണ്ടിക്കാണിക്കുന്നു.
കുടുംബാംഗങ്ങളെയും, ഡിപ്പന്‍ഡന്റ്‌സിനെയും കൊണ്ടുവരുന്നത് വിലക്കിയത് മുതല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ അപേക്ഷ കുത്തനെ താഴ്ന്നിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പാകിസ്ഥാന്‍, നൈജീരിയ, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുകെയില്‍ ജോലിക്കും, പഠിക്കാനുമായി അപേക്ഷിക്കുമ്പോള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നേരിടുമെന്നാണ് വ്യക്തമാകുന്നത്.
സ്റ്റുഡന്റ്, വര്‍ക്ക് വിസയില്‍ യുകെയില്‍ നിയമപരമായി എത്തിയ ശേഷം ഇപ്പോള്‍ അഭയാര്‍ത്ഥിത്വത്തിന് അപേക്ഷിച്ച് നികുതി ദായകന്റെ ചെലവില്‍ ഹോട്ടലുകളിലും മറ്റും താമസിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം പതിനായിരം കടന്നിരുന്നു. യൂണിവേഴ്‌സിറ്റികളുടെ എതിര്‍പ്പ് മറികടന്ന് ഒരു 'ശക്തമായ മഴ' പെയ്യാന്‍ പോകുന്നുവെന്നാണ് വൈറ്റ്ഹാള്‍ ശ്രോതസ്സുകള്‍ നല്‍കുന്ന വിവരം.