CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 20 Minutes 58 Seconds Ago
Breaking Now

ട്രംപിനെ പോപ്പ് ആക്കിയില്ല, പകരം ട്രംപിന്റെ നാട്ടുകാരന്‍ ഇനി ആഗോള കാത്തോലിക്കാ വിശ്വാസികളുടെ വലിയ ഇടയന്‍; വത്തിക്കാനില്‍ ആദ്യ യുഎസ് പോപ്പ്; കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റ് 'പോപ്പ് ലിയോ 15-ാമന്‍'; പോപ്പ് ഫ്രാന്‍സിസുമായി അടുപ്പം സൂക്ഷിച്ച 267-ാമത് പോപ്പ് ആരാണ്?

യുഎസ് കര്‍ദിനാളായ 69-കാരനെ പുതിയ പോപ്പായി തെരഞ്ഞെടുത്ത വാര്‍ത്ത പ്രഖ്യാപിച്ചതിന് പിന്നാലെ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റ് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ബാല്‍ക്കണിയിലേക്ക് എത്തി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താന്‍ പോപ്പിന്റെ വേഷത്തില്‍ ഇരിക്കുന്ന എഐ ചിത്രം പങ്കുവെച്ച് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. എന്നാല്‍ ഇതിന് ശേഷം സിസ്റ്റൈന്‍ ചാപ്പലിലെ ചിമ്മിണിയില്‍ നിന്നും വെളുത്തപുക ഉയരുകയും, 70 മിനിറ്റുകള്‍ക്ക് ശേഷം ഫ്രഞ്ച് കര്‍ദിനാള്‍ ഡൊമിനിക് മാംബെറെറ്റി സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പുതിയ പോപ്പിന്റെ പേര് പ്രഖ്യാപിക്കുകയും ചെയ്തതോടെ ഏവരിലും ഒരു അതിശയം പടരുകയും ചെയ്തു. കാരണം പുതിയ പോപ്പായി, റോമന്‍ കാത്തലിക് ചര്‍ച്ചിന്റെ പുതിയ ഇടയനായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു അമേരിക്കന്‍ കര്‍ദിനാളായിരുന്നു, പോപ്പ് റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റ്. 

വത്തിക്കാന്‍ ഏറെ നാളായി പിന്തുടര്‍ന്ന ഒരു വിരോധത്തില്‍ നിന്നുള്ള വിടവാങ്ങല്‍ കൂടിയാണ് ആദ്യത്തെ അമേരിക്കന്‍ പോപ്പിന്റെ വരവോടെ രൂപപ്പെടുന്നത്. ആഗോള ശക്തിയായ യുഎസില്‍ നിന്നും ഒരു പോപ്പ് വരുന്നതിനോട് ഏറെ കാലമായി വത്തിക്കാന്‍ വിമുഖത കാണിച്ചിരുന്നു. ആഗോള സ്വാധീനമുള്ള ഒരു രാജ്യത്ത് നിന്നും മുഖ്യ ഇടയനെ കണ്ടെത്തേണ്ടതില്ലെന്ന ആ നിലപാട് ഇക്കുറി തിരുത്തപ്പെട്ടു. 

മുന്‍കാല ആശയങ്ങളില്‍ നിന്നും വ്യതിചലിച്ച് യുഎസ് കര്‍ദിനാളായ 69-കാരനെ പുതിയ പോപ്പായി തെരഞ്ഞെടുത്ത വാര്‍ത്ത പ്രഖ്യാപിച്ചതിന് പിന്നാലെ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റ് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ബാല്‍ക്കണിയിലേക്ക് എത്തി. 'നിങ്ങള്‍ക്കൊപ്പം സമാധാനം ഉണ്ടാകട്ടെ' എന്നായിരുന്നു പോപ്പ് ലിയോ പതിനഞ്ചാമന്റെ ആദ്യ വാക്കുകള്‍. മിഷണറി പ്രവര്‍ത്തനങ്ങളുമയി പെറുവിലാണ് ഇദ്ദേഹം ഏറെ കാലവും ചെലവിട്ടത്. വത്തിക്കാന്റെ അതിശക്തമായ ഓഫീസ് ഓഫ് ബിഷപ്‌സിനെ നയിച്ചിരുന്നതും റോബര്‍ട്ട് പ്രിവോസ്റ്റാണ്. 

1955 സെപ്റ്റംബര്‍ 14ന് ഷിക്കാഗോയില്‍ ജനിച്ച പ്രിവോസ്റ്റ് ഒരു സാധാരണ യുഎസ് കാത്തലിക് പുരോഹിതന്റെ രീതികളല്ല പിന്തുടര്‍ന്നത്. പെറു പൗരത്വവും ഇദ്ദേഹത്തിനുണ്ട്. 1981-ല്‍ പെറുവില്‍ എത്തിയ ശേഷം വര്‍ഷങ്ങളോളം പ്രിവോസ്റ്റ് ഇവിടെ തുടര്‍ന്നു. പെറുവിലെ ഇടത് ആശയപ്രവര്‍ത്തകരും, പരമ്പരാഗത കാത്തലിക്കുകളും തമ്മില്‍ നിലനിന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന പാരമ്പര്യമാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. 

മുന്‍ഗാമി പോപ്പ് ഫ്രാന്‍സിസിന്റെ പുരോഗമന ആശയങ്ങള്‍ പിന്തുടരണമെന്ന് ഒരു ഭാഗം ആഗ്രഹിക്കുമ്പോള്‍ ഇതെല്ലാം മടക്കിവെച്ച് പരമ്പരാഗത രീതിയിലേക്ക് പോകാന്‍ മറുഭാഗം വാദം ഉന്നയിക്കുന്നു. യുഎസ് പോപ്പ് ആണെങ്കിലും പോപ്പ് ഫ്രാന്‍സിസുമായി ഏറെ അടുപ്പം സൂക്ഷിച്ചിട്ടുള്ള പുതിയ പോപ്പ് പുരോഗമനത്തിന്റെ പാതയില്‍ തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

എന്തായാലും ട്രംപിനോടുള്ള ചായ്‌വുള്ള യുഎസ് കര്‍ദിനാള്‍മാര്‍ക്ക് വാര്‍ത്ത സന്തോഷം നല്‍കുന്നില്ലെങ്കിലും പുതിയ പോപ്പായി യുഎസില്‍ നിന്നും ഒരു കര്‍ദിനാളിനെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് ട്രംപ് പ്രതികരിച്ചു. ഇത് രാജ്യത്തിന് കൂടി ചരിത്ര നിമിഷമാണെന്നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ വാക്കുകള്‍. 




കൂടുതല്‍വാര്‍ത്തകള്‍.