കാല്‍ശതമാനം പോയിന്റ് പലിശ നിരക്കുകള്‍ വെട്ടിക്കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നയനിര്‍മ്മാതാക്കള്‍. ആഗോള സാമ്പത്തിക അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുകെ സമ്പദ് വ്യവസ്ഥ നേരിടുന്ന ആഘാതം കുറയ്ക്കാന്‍ 4.25 ശതമാനത്തിലേക്കാണ് പലിശ കുറയ്ക്കുന്നത്.
മോര്‍ട്ട്‌ഗേജ് വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാര്‍ത്തയാണ് ഇതോടെ സംഭവിച്ചത്. ആഗസ്റ്റ് മുതല്‍ ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി നാല് തവണയാണ് പലിശ കുറച്ചത്. അതേസമയം യുകെ സമ്പദ് വ്യവസ്ഥ അടുത്ത മൂന്ന് വര്‍ഷക്കാലത്ത് 0.3% വേഗതകുറയുമെന്നും എംപിസി മുന്നറിയിപ്പ് നല്‍കി. വളര്‍ച്ച കുറയുന്നതിനൊപ്പമാണ് ഇതിന്റെ ആധിക്യവും വര്‍ദ്ധിക്കുന്നത്.
യുഎസ് വ്യാപാര നയം സംബന്ധിച്ച് നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയും, യുകെയുടെ വളര്‍ച്ചയ്ക്ക് മേല്‍ വളരുന്ന കാര്‍മേഘങ്ങളും ചേര്‍ന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് തലവേദന സമ്മാനിക്കുന്ന പ്രഖ്യാപനങ്ങളാണ് എംപിസി നല്‍കുന്നത്. കീര്‍ സ്റ്റാര്‍മറും, ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള വ്യാപാര കരാര്‍ പ്രഖ്യാപനത്തിന് മുന്‍പാണ് ബാങ്ക് പലിശ കുറച്ചത്.
വര്‍ഷത്തിന്റെ ബാക്കി സമയത്തും ജാഗ്രതയോടെയാണ് ബാങ്ക് പലിശ നിരക്ക് കുറയ്ക്കുകയെന്ന് വ്യക്തമാകുന്നുണ്ട്. ഈ വര്‍ഷം രണ്ട് തവണ കൂടി പലിശ കുറയുമെന്നാണ് കരുതുന്നത്. എന്നാല്‍ 2026 വരെയെങ്കിലും പണപ്പെരുപ്പം 2 ശതമാനത്തിന് മുകളില്‍ തുടരുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
അതേസമയം ഈ വര്‍ഷം രണ്ട് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് ഡീലുകളില്‍ നിന്നും പുറത്തുവരുന്ന 900,000 ഉപഭോക്താക്കള്‍ക്ക് ആദ്യമായി നിരക്കുകള്‍ കുറയുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2023 സമ്മറില്‍ ബേസ് റേറ്റ് 5.25 ശതമാനത്തില്‍ നിന്നപ്പോള്‍ ലോണ്‍ എടുത്തവര്‍ക്കാണ് നിലവിലെ 4.25 ശതമാനത്തിലേക്ക് ഇറങ്ങിയ ഡീലുകള്‍ ലഭ്യമാകുക.