ആ മൂന്നു കുഞ്ഞുങ്ങളുടെ മുഖം ഗ്ലോസ്റ്റര്‍ മലയാളി സമൂഹത്തിന് നല്‍കുന്നത് തീരാ വേദനയാണ്. അമ്മയുടെ വിയോഗത്തിന് പിന്നാലെ അവരുടെ നിസഹായതയും അരക്ഷിതാവസ്ഥയും ഒരു നൊമ്പരമാവുകയാണ്. ഈ കുരുന്നുകളുടെ കൈ പിടിക്കാന്‍ ഗ്ലോസ്റ്റര്‍ മലയാളി സമൂഹം ഒരുമിക്കുകയാണ്. അവര്‍ ഇനി ഗ്ലോസ്റ്ററിന്റെ കൂടി മക്കളാണ്...
ഗ്ലോസ്റ്റര്‍ഷെയറിലെ സ്ട്രൗഡില്‍ താമസിച്ചിരുന്ന വിന്‍സി റിജോയുടെ ആകസ്മികമായ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലാത്തവരാണ് നാമോരോരുത്തരും. കഴിഞ്ഞ ബുധനാഴ്ചയാണ് മൂന്ന് ചെറിയ പെണ്‍കുട്ടികള്‍ അടങ്ങുന്ന കുടുംബത്തെ തനിച്ചാക്കി അവര്‍ യാത്രയായത്. ഒരു വര്‍ഷത്തിലേറെയായി ക്യാന്‍സര്‍ ബാധിച്ചിരുന്ന വിന്‍സി അസഹനീയമായ തന്റെ ശാരീരിക വേദനകളെ പ്രതീക്ഷകളോടെയാണ് നേരിട്ടത്.
അസുഖങ്ങളെല്ലാം മാറി,ഒരു സാധാരണ കുടുംബജീവിതം സാധ്യമാകുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു വിന്‍സിയും കുടുംബവും ഏകദേശം രണ്ട് വര്‍ഷം മുമ്പ് മാത്രം യു. കെ യില്‍ എത്തിയ വിന്‍സിയും കുടുംബവും ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി സമൂഹവുമായി അടുത്ത ബന്ധമായിരുന്നു പുലര്‍ത്തിപ്പോന്നത്. അവരുടെ മൂന്നുപെണ്‍കുട്ടികള്‍, അന്ന, ഏഞ്ചല്‍, ആഗ്ന
സ്ട്രൗഡിലെ സ്‌കൂളില്‍ 9, 8, 6 ക്ലാസ്സുകളില്‍ പഠിക്കുന്നു, അസുഖം മൂലം ബുദ്ധിമുട്ടിയപ്പോഴും, തന്റെ ശാരീരിക വേദനയേക്കാള്‍ വിന്‍സിയിയെ അലട്ടിയിരുന്നത് കുടുംബത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചിന്തകളായിരുന്നു.
യു.കെ യിലേക്ക് വരുന്നതിനു വേണ്ടിയെടുത്ത ബാധ്യതകള്‍ തീര്‍ക്കാന്‍ ബുദ്ധിമുട്ടിയിരുന്ന സമയത്താണ് ഈ കുടുംബം വീണ്ടും പരീക്ഷണത്തിന് ഇരയായത്. ഇതേ തുടര്‍ന്ന് ചികിത്സക്കായും നാട്ടിലേക്കുള്ള അനുബന്ധ യാത്രകള്‍ക്കായും, കടമായും അല്ലാതെയും വലിയൊരു തുക അവര്‍ക്ക് കണ്ടെത്തേണ്ടി വന്നു. വിന്‍സിയെ നഷ്ടപ്പെട്ട തീരാവേദനക്കൊപ്പം തുടര്‍ന്നുള്ള അവരുടെ യുകെ ജീവിതവും ആശങ്കയിലായിരിക്കുന്നു.
വിന്‍സി നമ്മളെയെല്ലാം വിശ്വസിച്ച് ഏല്‍പ്പിച്ച് പോയ മൂന്ന് ചെറിയ പെണ്‍കുട്ടികളടങ്ങുന്ന അവളുടെ കുടുംബത്തെ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികളായ നമുക്കോരോരുത്തര്‍ക്കും കഴിയുന്ന രീതിയില്‍ ചേര്‍ത്ത് പിടിക്കാം. അവരോടൊപ്പം മാനസികമായി ചേര്‍ന്ന് നില്‍ക്കുന്നതിനൊപ്പം സാമ്പത്തികമായി സഹായിക്കുന്നതും നമ്മുടെയൊക്കെ ധാര്‍മ്മികമായ ബാധ്യതയാണെന്നു തിരിച്ചറിയുന്നു.
ഇതാണ് ഗ്ലോസ്റ്റര്‍ മലയാളി സമൂഹം. ഒരാവശ്യം വന്നപ്പോള്‍ വാശിയോ മത്സരങ്ങളോ ഇല്ലാതെ എല്ലാവരും കുടുംബത്തിനായി ഒരു കുടകീഴിലെത്തി. എല്ലാ അസോസിയേഷന്‍ അംഗങ്ങളും ഒരേ സ്വരത്തോടെ പിന്തുണയുമായി എത്തുകയായിരുന്നു.
അതനുസരിച്ച് ഗ്ലോസറ്റര്‍ഷെയറിലെ സെന്റ് മേരീസ് ചര്‍ച്ചിനൊപ്പം മറ്റ് മലയാളി സംഘടനകളും ഒരുമിക്കുകയാണ്. വര്‍ഷങ്ങളുടെ സേവന പാരമ്പര്യമുള്ള ജിഎംഎ , കെസിഎ, ജിഎംസിഎ, കേരളീയം മാക് ചെല്‍റ്റന്‍ഹാം എന്നിങ്ങനെ എല്ലാ അസോസിയേഷന്‍ അംഗങ്ങളും ഒത്തൊരുമിച്ച് കുടുംബത്തിനായി കൈകോര്‍ക്കുകയാണ്. ചാരിറ്റി പ്രവര്‍്ത്തനങ്ങളില്‍ വര്‍ഷങ്ങളായി സജീവമാണ് സംഘടനകള്‍.
ഗ്ലോസ്റ്റര്‍ സെന്റ് മേരിസ് ചര്‍ച്ച് വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തിലിന്റെ നേതൃത്വത്തില്‍ മറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ചേര്‍ന്ന് ഒരു മീറ്റിംഗ് ചേര്‍ന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ വിന്‍സിയുടെ കുടുംബത്തെ സഹായിക്കുന്നതിനും പ്രത്യേകിച്ച് കുട്ടികളുടെ ഭാവി ഉറപ്പ് വരുത്തുന്നതിനും വേണ്ടി ഗ്ലോസ്റ്റര്‍ഷെയര്‍ കേന്ദ്രീകരിച്ച് ഒരു ഫണ്ട് റേസിങ് നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഗ്ലോസ്റ്റര്‍ഷെയറിന്റെ സഹോദരി വിന്‍സി ബാക്കി വെച്ച സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍, അവളുടെ കുരുന്നുകള്‍ക്ക് വേണ്ടി ഈ ചാരിറ്റിയുടെ ഭാഗമാകാം.
താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ച് നിങ്ങള്‍ക്കും ഈ കുടുംബത്തെ സഹായിക്കാം.
St Mary's Church
Gloucestershire Malayalee Association (GMA)
Kerala Cultural Association (KCA)
Gloucester Malayali Cultural Association (GMCA)
KERALEEYAM
Malayalee Association of Cheltenham (MAC)
വിന്‍സിയുടെ കുടുംബത്തെ സഹായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക
#mce_temp_url#