യുക്മ ഇവന്റുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ കേരളപൂരം വള്ളംകളിയുടെ ജനറല്‍ കണ്‍വീനറായി ഡിക്‌സ് ജോര്‍ജ്ജിനെ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ നിയോഗിച്ചതായി ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. കേരളത്തിന് പുറത്ത് മലയാളികള്‍ സംഘടിപ്പിക്കുന്ന ആദ്യ മത്സര വള്ളംകളിയാണ് യുക്മ കേരള പൂരം വള്ളംകളി.
2022 - 2025 കാലയളവില്‍ യുക്മ ദേശീയ ട്രഷററായി വളരെ മികച്ച പ്രകടനം കാഴ്ച വെച്ച ഡിക്‌സ് ജോര്‍ജ്ജ് യു കെ മലയാളികള്‍ക്കിടയിലെ അറിയപ്പെടുന്ന ഒരു സംഘാടകനാണ്. യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ പ്രസിഡന്റ്, യുക്മ ടൂറിസം ക്‌ളബ്ബ് വൈസ് ചെയര്‍മാന്‍, നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ പ്രസിഡന്റ് ഉള്‍പ്പടെ നിരവധി ചുമതലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച വെച്ച ഡിക്‌സ് യുക്മ കേരള പൂരം വള്ളംകളിയെ കൂടുതല്‍ ആകര്‍ഷണീയമാക്കുവാന്‍ പോന്ന ഒരു സംഘാടകനാണ്.
യുക്മ കേരള പൂരം വള്ളംകളി ആരംഭിച്ച 2017 മുതല്‍ ജനറല്‍ കണ്‍വീനറുടെ ചുമതല വഹിച്ചിരുന്ന അഡ്വ. എബി സെബാസ്റ്റ്യന്‍ യുക്മ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഡിക്‌സ് ജനറല്‍ കണ്‍വീനറുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്. യുകെയില്‍ മലയാളികളുടെ ഒരു വള്ളംകളിയെന്ന ആശയം 2017ല്‍ യുക്മ മുന്നോട്ട് വച്ചപ്പോള്‍ നെറ്റി ചുളിച്ച ആളുകളെ അതിശയിപ്പിക്കുന്ന വിധത്തില്‍ വള്ളംകളി വിജയകരമായി സംഘടിപ്പിച്ച യുക്മ, കഴിഞ്ഞ ആറ് സീസണുകളിലും ആ വിജയഗാഥ തുടര്‍ന്നു. ഇന്ന് യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ പങ്കെടുക്കുന്ന ഇവന്റായി യുക്മ കേരള പൂരം വള്ളംകളി മാറിക്കഴിഞ്ഞു.
2025 - ലെ വള്ളംകളി മത്സരങ്ങള്‍ ആഗസ്റ്റ് 30 ശനിയാഴ്ച ഷെഫീല്‍ഡിനടുത്ത് റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് ലെയ്ക്കില്‍ തന്നെയായിരിക്കും നടക്കുന്നത്. യുക്മ കേരളപൂരം വള്ളംകളി മത്സരങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, സെക്രട്ടറി ജയകുമാര്‍ നായര്‍, ജനറല്‍ കണ്‍വീനര്‍ ഡിക്‌സ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.
യുക്മയുടെ ആരംഭകാലം മുതല്‍ സഹയാത്രികനും ഏറ്റെടുത്ത ഉത്തരവാദിത്വങ്ങളിലൊക്കെ മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കുകയും ചെയ്തിട്ടുള്ള ഡിക്‌സ് ജോര്‍ജ്ജ്, കേരള പൂരം വള്ളംകളി ജനറല്‍ കണ്‍വീനറുടെ ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ പ്രാപ്തനാണെന്ന് യുക്മ ദേശീയ നിര്‍വ്വാഹക സമിതി വിലയിരുത്തി. ഏറെ ഉത്തരവാദിത്വങ്ങള്‍ നിറഞ്ഞ ഈ ചുമതലയില്‍ വളരെ ഭംഗിയായി പ്രവര്‍ത്തിക്കുവാന്‍ ഡിക്‌സ് ജോര്‍ജ്ജിന് യുക്മ ദേശീയ സമിതി എല്ലാവിധ ആശംസകളും നേരുന്നു.
കുര്യന്‍ ജോര്‍ജ്ജ്
(നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)