പോക്‌സോ കേസ് പ്രതി വ്ളോഗര്‍ മുകേഷ് എം നായരെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടകനാക്കിയതില്‍ മാപ്പ് ചോദിച്ച് സംഘാടകര്‍. പോക്‌സോ കേസ് പ്രതിയെന്ന് അറിയാതെയാണ് മുകേഷ് എം നായരെ ചടങ്ങില്‍ പങ്കെടുപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. ഖേദം പ്രകടിപ്പിച്ച് സ്‌കൂള്‍ അധികൃതര്‍ക്ക് സംഘാടകര്‍ കത്തയച്ചു.
തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളിലാണ് പോക്‌സോ കേസ് പ്രതിയായ മുകേഷ് എം നായര്‍ മുഖ്യാതിഥിയായി എത്തിയത്. പിന്നാലെ പോക്‌സോ കേസ് പ്രതി സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പങ്കെടുത്ത സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വിശദീകരണം തേടിയിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘാടകര്‍ വിശദീകരണവുമായി എത്തിയത്.
സ്‌കൂളിനും, പ്രധാന അധ്യാപകനുമുണ്ടായ വിഷമത്തില്‍ മാപ്പ് ചോദിക്കുന്നുവെന്നും പശ്ചാത്തലം പരിശോധിക്കാത്തത് തങ്ങളുടെ ഭാഗത്തുണ്ടായ തെറ്റാണെന്നും ജെ സി ഐ സംഘാടകര്‍ അയച്ച കത്തില്‍ വ്യക്തമാക്കുന്നു. അതേസമയം റീല്‍സ് ഷൂട്ടിം?ഗിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈം?ഗിക അതിക്രമം കാണിച്ചെന്ന കേസിലെ പ്രതിയാണ് മുകേഷ് എം നായര്‍. മുകേഷിനെതീരെ കോവളം സ്റ്റേഷനില്‍ പോക്‌സോ കേസ് നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടയാണ് മുകേഷ് എം നായര്‍ മുഖ്യാതിഥിയായി പങ്കെടുത്തത്.