രാജ്യത്തെ ബോയിങ് 787 വിമാനങ്ങളില്‍ നടത്തിയ പരിശോധന ഫലം പുറത്തുവിട്ട് എയര്‍ ഇന്ത്യ. ബോയിങ് 787 വിമാനങ്ങളുടെ ഇന്ധന സ്വിച്ചുകളുടെ ലോക്കിങ് സംവിധാനത്തിന് സാങ്കേതിക തകരാറുകള്‍ ഇല്ലെന്ന് പരിശോനയിലൂടെ ഉറപ്പിച്ചെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിനു പിന്നാലെ, ബോയിങ് വിമാനങ്ങളിലെ 'ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചു'കള്‍ പരിശോധിക്കാന്‍ രാജ്യത്തെ വിമാനക്കമ്പനികളോട് വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) ഉത്തരവിട്ടിരുന്നു.
എല്ലാ ബോയിങ് 787-8 വിമാനങ്ങളിലും ബോയിങ് മെയിന്റനന്‍സ് ഷെഡ്യൂളിന്റെ ഭാഗമായി ത്രോട്ടില്‍ കണ്‍ട്രോള്‍ മൊഡ്യൂള്‍ (ടിസിഎം) മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചുകള്‍ ഈ മൊഡ്യൂളിന്റെ ഭാഗമാണ്. പൈലറ്റുമാര്‍ ജാഗരൂകരായിരിക്കണമെന്നും എന്തെങ്കിലും സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് ഉടന്‍തന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീലൈനര്‍ വിമാനമാണ് അഹമ്മദാബാദില്‍ നിന്ന് പറന്നുയര്‍ന്ന് വെറും 3 സെക്കന്‍ഡിനുള്ളില്‍ തകര്‍ന്നത്. എന്‍ജിനിലേക്കുള്ള ഇന്ധന പ്രവാഹം നിയന്ത്രിക്കുന്ന ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചുകള്‍ ഓഫ് ആയതാണ് അപകടത്തിന് കാരണമായതെന്നാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക റിപ്പോര്‍ട്ട്. ജൂലൈ 12ന് ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഡിജിസിഎയുടെ പരിശോധനാ നിര്‍ദേശം വന്നത്.