ബംഗാളില്‍ നാദിയ ജില്ലയില്‍ കേളജ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി വെടിവച്ചുകൊന്ന് ആണ്‍സുഹൃത്ത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കൊലപാതകം നടന്നത്. 19 കാരിയായ ഇഷ മാലിക് ആണ് കൊല്ലപ്പെട്ടത്. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷവും ഒളിവിലുള്ള പ്രതി ദേബ്രോജിനായി ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്.
ഓഗസ്ത് 22 ന് ഉച്ചതിരിഞ്ഞാണ് സംഭവം. കൃഷ്ണനഗര്‍ പട്ടണത്തിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പ്രതി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയം ഇഷയുടെ അമ്മയും ഇളയ സഹോദരനുമാണ് വീട്ടിലുണ്ടായിരുന്നത്.രണ്ടു തവണയാണ് ഇഷയ്ക്ക് നേരെ പ്രതി വെടിയുതിര്‍ത്തത്. ശബ്ദം കേട്ട് മുറിയിലേക്ക് ഓടിയെത്തിയ അമ്മ കാണുന്നത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന തന്റെ മകളേയും തോക്കുമായി ഓടിപ്പോകുന്ന യുവാവിനെയുമാണ്. രക്തം വാര്‍ന്ന നിലയില്‍ പെണ്‍കുട്ടിയെ ഉടന്‍ ശക്തിനഗര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സ്‌കൂള്‍ കാലം മുതലേ ഇരുവരും പരിചയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മാത്രമല്ല, ഇഷയുടെ സഹോദരനും പരിചയമുള്ളയാളാണ് പ്രതി. കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഇഷ പ്രതിയുമായുള്ള ബന്ധം അവസാനിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. ഇതാകാം കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും കരുതപ്പെടുന്നു. അതേസമയം സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷവും ഒളിവിലുള്ള പ്രതിക്കായി അന്വേഷണം തുടരുകയാണ് പൊലീസ്.