വടക്കന്‍ കൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്‍ ചൈനയിലെത്തി. ബെയ്ജിങ്ങില്‍ നടക്കുന്ന സൈനിക പരേഡില്‍ പങ്കെടുക്കുന്നതിനാണ് കിം ജോങ് ഉന്‍ ചൈനീസ് അതിര്‍ത്തി കടന്നത്. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്റെയും 1930കളിലും 40കളിലും ജപ്പാനെതിരെ ചൈന നടത്തിയ ചെറുത്ത് നില്‍പ്പിന്റെയും ഓര്‍മ്മയ്ക്കായി സംഘടിപ്പിച്ചിരിക്കുന്ന സൈനിക പരേഡില്‍ കിം ജോങ് ഉന്‍ പങ്കെടുക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഒപ്പം കിം ജോങ് ഉന്‍ വേദി പങ്കിടും. 26ഓളം ലോക നേതാക്കള്‍ സൈനിക പരേഡിന് സാക്ഷികളാകുമെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച ടിയാന്‍മെന്‍ സ്‌ക്വയറിലാണ് ചൈനയുടെ സൈനിക ശക്തി വിളിച്ചറിയിക്കുന്ന സൈനിക പരേഡ് നടക്കുക.
അമേരിക്ക പ്രധാന വെല്ലുവിളിയായി കണക്കാക്കുന്ന ഷി ജിന്‍ പിങ്ങും വ്‌ളാഡമിര്‍ പുടിനും കിം ജോങ് ഉന്നും ആദ്യമായാണ് ഒരേ വേദിയില്‍ ഒരുമിച്ചെത്തുന്നത്. മൂന്ന് നേതാക്കളും ഒരുമിച്ച് യോ?ഗം ചേരുന്നത് സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാല്‍ മൂന്ന് നേതാക്കളും പങ്കെടുക്കുന്ന ത്രികക്ഷി ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യയുമായി അടുത്ത സൈനിക ബന്ധം പുലര്‍ത്തുന്ന കിം ജോങ് ഉന്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനകളുണ്ട്. യുക്രെയ്ന്‍ യുദ്ധത്തില്‍ സൈനികരെയും ആയുധങ്ങളെയും നല്‍കി ഉത്തരകൊറിയ റഷ്യയെ സഹായിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചൈനയുമായും അടുത്ത ബന്ധമാണ് ഉത്തരകൊറിയ പുലര്‍ത്തുന്നത്.
കഴിഞ്ഞ ദിവസമാണ് സൈനിക പരേഡില്‍ പങ്കെടുക്കുന്നതിനായി കിം ജോങ് ഉന്‍ തന്റെ പ്രത്യേക ട്രെയിനില്‍ ചൈനയിലെത്തിയത്. വിദേശകാര്യ മന്ത്രി ചോ സണ്‍ ഹുയി അടക്കമുള്ള ഉന്നതതല സംഘം കിം ജോങ് ഉന്നിനൊപ്പം ചൈനയിലെത്തിയിട്ടുണ്ട്. 2019ന് ശേഷം ആദ്യമായാണ് കിം ജോങ് ഉന്‍ ചൈനയിലെത്തുന്നത്. 2011ല്‍ അധികാരത്തിലെത്തിയതിന് ശേഷം അഞ്ച് തവണ ഉത്തരകൊറിയന്‍ നേതാവ് ചൈന സന്ദര്‍ശിച്ചിട്ടുണ്ട്.