രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തതില്‍ നേതാക്കള്‍ക്കെതിരെ സൈബര്‍ ആക്രമണം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ തെറ്റുകാരനാണെന്ന് അണികളെ ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസ്. രാഹുല്‍ നേരിടുന്നത് ഗുരുതര ലൈംഗികാരോപണങ്ങള്‍ ആണെന്നും ഇരകളില്‍ പലരും നേതൃത്വത്തെ നേരിട്ട് സമീപിച്ചതോടെയാണ് നടപടി സ്വീകരിച്ചതെന്നും വിശദീകരിക്കാനാണ് തീരുമാനം.
നേതാക്കള്‍ക്കെതിരെ രാഹുലും ടീമും സൈബര്‍ ആക്രമണം അഴിച്ചുവിട്ടത് പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന വിലയിരുത്തിലിലാണ് നേതൃത്വത്തിന്റെ തീരുമാനം. സമൂഹമാധ്യമങ്ങളിലെ ചില വെളിപ്പെടുത്തലുകള്‍ക്കപ്പുറം പരാതികള്‍ ഒന്നുമില്ലെന്നായിരുന്നു രാഹുല്‍ മാങ്കുട്ടത്തില്‍ അനുകൂലികളുടെ സൈബറിടങ്ങളിലെ ആക്രോശങ്ങള്‍. എന്നാല്‍ രാഹുലിനെതിരായ നടപടി വെറുതേ എടുത്തതല്ലെന്ന് അണികളോട് വിശദീകരിക്കും. അച്ചടക്കനടപടി കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ അല്ലെന്ന് നേതൃത്വം തറപ്പിച്ചുപറയുന്നു.
പല ഇരകളും നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളോട് രാഹുലിനെതിരെ ഗുരുതരമായ പരാതികള്‍ ഉന്നയിച്ചവരില്‍ 20 നും 60 വയസിനുമിടയില്‍ പ്രായമുള്ളവരുണ്ട്. മൗനം വെടിഞ്ഞ് പരാതി പറഞ്ഞവരോട് നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ നേതൃത്വം ഉപദേശിച്ചെങ്കിലും പലരും മടിക്കുന്നതായാണ് വിവരം. പരാതികള്‍ നേതൃത്വത്തിന് വ്യക്തമായി അറിയാമെന്നിരിക്കെ പരസ്യമായോ രഹസ്യമായോ രാഹുലിനെ പിന്തുണക്കേണ്ടതില്ലെന്ന നിലപാടിലേക്ക് നേതൃത്വം എത്തുകയായിരുന്നു എന്നും നേതൃത്വം വിശദീകരിക്കും.
അതിന്റെ ഭാഗമായി ഉണ്ടായതാണ് വിഡി സതീശന്റെ പ്രതികരണം എന്നും നേതൃത്വം വ്യക്തമാക്കുന്നു. വിഡി സതീശനെയും നേതൃത്വത്തെയും ഉന്നമിട്ടുള്ള അതിരുകടന്ന സൈബര്‍ ആക്രമണം പാര്‍ട്ടിക്ക് ദോഷമായി തുടങ്ങിയെന്നാണ് വിലയിരുത്തല്‍. സൈബര്‍ ആക്രമണം സംഘടിതമാണെന്നും നേതൃത്വം വിശ്വസിക്കുന്നു.