സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തികൊണ്ടുള്ള ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ മലക്കം മറിഞ്ഞ് ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദ്. ശബ്ദ സന്ദേശത്തിന്റെ ആധികാരികതയില്‍ സംശയം ഉണ്ടെന്ന് ശരത് പ്രസാദ് ഫേസ്ബുക്കില്‍ കുറിച്ചു. ഓഡിയോയില്‍ ഉള്ളത് വസ്തുത വിരുദ്ധമായ കാര്യങ്ങളാണെന്നും ശരത് പ്രസാദ് കുറിച്ചു.
പാര്‍ട്ടി നേതാക്കളെ സംബന്ധിച്ച് തനിക്ക് അങ്ങനെയൊരു അഭിപ്രായം ഇല്ലെന്നും ശരത് പ്രസാദ് പോസ്റ്റില്‍ പറയുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയവര്‍ ഗൂഢാലോചന നടത്തുന്നു. വസ്തുതാ വിരുദ്ധവും കള്ളവുമായ കാര്യങ്ങളാണ് ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തെക്കുറിച്ച് ഓഡിയോ മുഖാന്തിരം പ്രചരിപ്പിക്കുന്നതെന്നും ശരത് പ്രസാദ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
രാഷ്ട്രീയ വിരോധത്താല്‍ പാര്‍ട്ടിയയെും പാര്‍ട്ടി സഖാക്കളെയും താഴ്ത്തിക്കെട്ടുന്നതിനും രാഷ്ട്രീയ മുതലെടുപ്പിനുമായി ഗൂഢാലോചന ചെയ്ത് പുറത്തുവിട്ടതാണ് ഓഡിയോ ക്ലിപ്പെന്ന് ശരത് പ്രസാദ് ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു. അതേസമയം സുഹൃത്തും സിപിഎം നേതാവുമായ നിബിന്‍ ശ്രീനിവാസനോട് ശരത്പ്രസാദ് നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ഒരു ഘട്ടം കഴിഞ്ഞാല്‍ സിപിഎം നേതാക്കളുടെ സാമ്പത്തിക ലെവല്‍ മാറുമെന്നും ജില്ലാ നേതൃത്വത്തില്‍ സാമ്പത്തികമായി ആര്‍ക്കും പ്രശ്നമില്ലെന്നും ശരത് പ്രസാദ് പങ്കുവച്ച ശബ്ദ സന്ദേശത്തിലുണ്ട്.
എ സി മൊയ്തീന്‍, എം കെ കണ്ണന്‍ എന്നിവര്‍ക്കെതിരെയാണ് സ്വകാര്യ സംഭാഷണത്തിലെ പരാമര്‍ശങ്ങള്‍. സിപിഐഎം നേതൃത്വത്തിലുള്ള സഹകരണ സംഘത്തില്‍ അഴിമതി എന്നും സംഭാഷണത്തിലുണ്ട്. അഞ്ചുവര്‍ഷം മുന്‍പ് നടത്തിയ ഫോണ്‍ സംഭാഷണമാണിതെന്നാണ് ശരത്പ്രസാദ് പറയുന്നത്. എംകെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. രാഷ്ട്രീയം കൊണ്ട് രക്ഷപ്പെട്ടത് കണ്ണന്റെ കപ്പലണ്ടി കച്ചവടം ആയിരുന്നു. എസി മൊയ്തീന്റെ ഇടപാടുകള്‍ അപ്പര്‍ക്ലാസിലെ ആളുകളുമായിട്ടാണെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് വന്‍കിട ആളുകളുമായാണ് സാമ്പത്തിക ഇടപാടുകള്‍. കമ്മിറ്റിയിലെ ആര്‍ക്കും സാമ്പത്തികമായി പ്രശ്നങ്ങളില്ല. അതിനു പിന്നില്‍ വലിയതോതിലുള്ള പിരിവുകളാണ്. ഡിവൈഎഫ്‌ഐ നേതാവ് പിരിക്കുമ്പോള്‍ കിട്ടുന്ന പണമല്ല, സിപിഎം നേതൃത്വം പിരിക്കുമ്പോള്‍ കിട്ടുന്നത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഓഡിയോ സന്ദേശത്തിലുണ്ട്.