സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതിനെ പിന്തുണയ്ക്കുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിന് ഇന്ത്യ അനുകൂലിച്ച് വോട്ട് ചെയ്തു. പലസ്തീന്‍ വിഷയത്തില്‍ സമാധാനപരമായ പരിഹാരവും ദ്വിരാഷ്ട്ര പരിഹാരവും നിര്‍ദേശിക്കുന്ന ന്യൂയോര്‍ക്ക് പ്രഖ്യാപനത്തെയാണ് ഇന്ത്യ അനുകൂലിച്ചത്. വെള്ളിയാഴ്ച ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ പ്രമേയത്തെ പിന്തുണച്ച 142 രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും ചേര്‍ന്നു.
10 രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. അതേസമയം, 12 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ട് കൊണ്ടുപോകാനും അടിയന്തര അന്താരാഷ്ട്ര നടപടി ആവശ്യപ്പെടുന്നതാണ് പ്രമേയം.
പലസ്തീന്റെ രാഷ്ട്രപദവിയെ ഇന്ത്യ ദീര്‍ഘകാലമായി പിന്തുണച്ചുവരികയാണ്. 1988ല്‍ പലസ്തീനെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. ഇത്തരമൊരു നടപടി സ്വീകരിക്കുന്ന ആദ്യത്തെ അറബ് ഇതര രാജ്യമായിരുന്നു ഇന്ത്യ.
2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ പൗരന്മാര്‍ക്കെതിരേ ആക്രമണം നടത്തിയ ഹമാസിനെ അപലപിച്ച പ്രമേയം എല്ലാ ബന്ദികളെയും മോചിപ്പിക്കാനും ആയുധങ്ങള്‍ കൈമാറാനും ആവശ്യപ്പെട്ടു. ഗാസയുടെ മേലുള്ള നിയന്ത്രണം ഹമാസ് അവസാനിപ്പിക്കണമെന്നും ലോകരാജ്യങ്ങളുടെ പിന്തുണയോടെ പലസ്തീന്‍ അതോറിറ്റിക്ക് ഭരണം കൈമാറമെന്നും പ്രമേയം ആവശ്യപ്പെട്ടു.
പൗരന്മാരെ സംരക്ഷിക്കുന്നതിനും പലസ്തീന്‍ അതോറിറ്റിക്ക് അധികാരം കൈമാറുന്നതിനും സഹായിക്കുന്നതിനായി യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അധികാരത്തിന്റെ കീഴില്‍ ഗാസയില്‍ ഒരു താത്കാലികമായുള്ള അന്താരാഷ്ട്ര സ്ഥിര ദൗത്യം വിന്യസിക്കാനും പ്രമേയം നിര്‍ദേശിച്ചു.
ഫ്രാന്‍സും സൗദി അറേബ്യയും അവതരിപ്പിച്ച രേഖ ഈ വര്‍ഷം ആദ്യം അറബ് ലീഗും 17 യുഎന്‍ അംഗരാജ്യങ്ങളും അംഗീകരിച്ചിരുന്നു.
സെപ്റ്റംബര്‍ 22ന് ന്യൂയോര്‍ക്കില്‍ ഫ്രാന്‍സും സൗദി അറേബ്യയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന നിര്‍ണായകമായ യുഎന്‍ ഉച്ചകോടിക്ക് മുന്നോടിയായാണ് വോട്ടെടുപ്പ് നടന്നത്. പലസ്തീനെ ഒരു രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഈ അവസരം ഉപയോഗിക്കുമെന്നാണ് കരുതുന്നത്. മറ്റ് ലോക നേതാക്കളും മാക്രോണിന്റെ നിലപാട് പിന്തുടരാനാണ് സാധ്യത.