ബോള്‍ട്ടന്‍: ഐ ഓ സി (യു കെ) - കേരള ചാപ്റ്റര്‍ മിഡ്ലാന്‍ഡ്സ് ഏരിയയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനം 'സേവന ദിന'മായി ആഘോഷിച്ചു. 'സേവന ദിന'ത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ ബോള്‍ട്ടനില്‍
തെരുവ് ശുചീകരണവും ലഹരി വിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ചു. ബോള്‍ട്ടന്‍ കൗണ്‍സിലുമായി ചേര്‍ന്ന് സംഘടിപ്പിച്ച തെരുവ് ശുചീകരണത്തില്‍ ഐ ഓ സിയുടെ വനിതാ - യുവജന പ്രവര്‍ത്തകരടക്കം 22 'സേവ വോളന്റിയര്‍'മാര്‍ പങ്കെടുത്തു.
ബോള്‍ട്ടന്‍ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെയും വരും ദിവസങ്ങളില്‍ ഐ ഓ സിയുടെ നേതൃത്വത്തില്‍ യു കെയിലാകമാനം സംഘടിപ്പിക്കുന്ന 'സര്‍വോദയ ലഹരി വിരുദ്ധ ക്യാമ്പയിനി'ന്റെയും ഔദ്യോഗികമായ ഉദ്ഘാടനവും ബഹു. ബോള്‍ട്ടന്‍ സൗത്ത് & വാക്ഡന്‍ എം പി യാസ്മിന്‍ ഖുറേഷി നിര്‍വഹിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. എം പി പ്രവര്‍ത്തകര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 'സേവന ദിന'ത്തിന്റെ ഭാഗമായ എല്ലാ വോളന്റിയര്‍മാരെയും ആദരിച്ചുകൊണ്ടുള്ള 'സേവ സര്‍ട്ടിഫിക്കറ്റു'കളുടെ വിതരണം എം പി യാസ്മിന്‍ ഖുറേഷി നിര്‍വഹിച്ചു.
ഐ ഓ സി (യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, ഐ ഓ സി (യു കെ) - കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി & പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റോമി കുര്യാക്കോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ജിപ്‌സണ്‍ ഫിലിപ്പ് ജോര്‍ജ്, അരുണ്‍ ഫിലിപ്പോസ്, ഫിലിപ്പ് കൊച്ചിട്ടി, റീന റോമി, രഞ്ജിത്കുമാര്‍ കെ വി, ജേക്കബ് വര്‍ഗീസ്, ഫ്രബിന്‍ ഫ്രാന്‍സിസ്, ബേബി ലൂക്കോസ്, സോജന്‍ ജോസ്, റോബിന്‍ ലൂയിസ്, അമല്‍ മാത്യു, ചിന്നു കെ ജെ, പ്രണാദ് പി പി, ജോയേഷ് ആന്റണി, ജസ്റ്റിന്‍ ജേക്കബ്, ബിന്ദു ഫിലിപ്പ്, അനഘ ജോസ്, ലൗലി പി ഡി, സ്‌കാനിയ റോബിന്‍, സോബി കുരുവിള എന്നിവര്‍ സേവന ദിനത്തില്‍ സജീവ പങ്കാളികളായി.
മറ്റുള്ളവര്‍ക്കായി സേവനം ചെയ്യുക, നമ്മുടെ സമൂഹത്തിന് ഉത്തരവാദിത്തം വഹിക്കുക എന്ന സന്ദേശമാണ് ഈ പ്രവര്‍ത്തനത്തിലൂടെ പ്രതിഫലിക്കുന്നതെന്നും സംഘടനകളും കൂട്ടായ്മകളും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വരുന്നത് പ്രശംസനീയമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തതുകൊണ്ട് എം പി പറഞ്ഞു.
പരിപാടിയുടെ ഭാഗമായി ഐ ഓ സി (യു കെ) - കേരള ചാപ്റ്ററിന്റെ മിഡ്ലാന്‍ഡ്‌സ് ഏരിയ ഓഫീസ് (ബോള്‍ട്ടന്‍) കെട്ടിടത്തില്‍ ഒരുക്കിയ 'ഗാന്ധിസ്മൃതി സംഗമ' ത്തില്‍ സാമൂഹ്യ - സാംസ്‌കാരിക നായകരും ഐ ഓ സി പ്രവര്‍ത്തകരും പങ്കെടുത്തു. ഗാന്ധിജിയുടെ ഛായാ ചിത്രത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി.
ചടങ്ങില്‍, രണ്ട് ദിവസം മുന്‍പ് ലണ്ടനിലെ തവിസ്റ്റോക്ക് സ്‌ക്വയറില്‍ മഹാത്മാഗാന്ധിയുടെ പ്രതിമക്ക് നേരെയുണ്ടായയ അക്രമത്തില്‍ ഐ ഓ സി (യു കെ) - കേരള ചാപ്റ്ററിന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ഈ വിഷയത്തില്‍ കുറ്റക്കാരെ പിടികൂടുന്നതിനും ശക്തമായ നടപടി സ്വീകരിക്കുന്നതിനും ഇനി മേലില്‍ ഇത്തരത്തിലുള്ള സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ഗവണ്‍ന്മെന്റിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി എം പി യാസ്മിന്‍ ഖുറേഷിക്ക് സമര്‍പ്പിച്ചു. സംഭവത്തില്‍ ഗവണ്മെന്റിന്റെ ത്വരിത ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഉടന്‍ തന്നെ കത്തയക്കാമെന്നും പ്രശ്‌നം ഗൗരവമായി കാണുമെന്നും എം പി അറിയിച്ചു.
സേവന ദിനത്തിന്റെ ഭാഗമായി ഉദ്ഘാടനം ചെയ്യപ്പെട്ട 'സര്‍വോദയ ലഹരി വിരുദ്ധ ക്യാമ്പയി'നിന്റെ ഭാഗമായി, വരും ദിവസങ്ങളില്‍ ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ മിഡ്ലാന്‍ഡ്സ് ഏരിയയുടെ നേതൃത്വത്തില്‍ ലഹരി ഉപഭോഗത്തിനെതിരെ യു കെയിലെ വിവിധ പ്രദേശങ്ങളില്‍ ബോധവല്‍കരണ പരിപാടികള്‍ നടത്തപ്പെടും. ഇതില്‍ ലഹരി ഉപഭോഗം കുറയ്ക്കുന്നതിനുള്ള ഇടപെടലുകള്‍, ലഹരി വിരുദ്ധ സന്ദേശം പേറിയുള്ള മാരത്തോണ്‍ പോലുള്ള കായിക പരിപാടികള്‍, മനുഷ്യ ചങ്ങലകള്‍, മറ്റ് ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തും.
റോമി കുര്യാക്കോസ്