രോഗികളെ ചികിത്സ കഴിഞ്ഞ് ഡിസ്ചാര്‍ജ്ജ് ചെയ്ത് വിട്ടയയ്ക്കാന്‍ കഴിയാത്തത് എന്‍എച്ച്എസിന് വലിയ സാമ്പത്തിക ഭാരം സൃഷ്ടിക്കുന്നതായി ആദ്യമായി വെളിപ്പെടുത്തി ഔദ്യോഗിക കണക്കുകള്‍. പര്യാപ്തമായ സോഷ്യല്‍ കെയര്‍ ലഭ്യമല്ലാതെ പോകുന്നതിനാല്‍ രോഗികളെ വീടുകളിലേക്ക് മടക്കാന്‍ കഴിയാത്ത സ്ഥിതി നേരിടുന്നുണ്ട്. പ്രതിവര്‍ഷം 2.6 ബില്ല്യണ്‍ പൗണ്ടാണ് ബെഡുകള്‍ ചികിത്സ കഴിഞ്ഞ രോഗികള്‍ കൈയടക്കി വെയ്ക്കുന്നത് കൊണ്ട് നേരിടുന്ന സാമ്പത്തിക ചെലവ്.
മെഡിക്കല്‍ പരമായി ആശുപത്രി വിടാന്‍ ആരോഗ്യം തിരികെ നേടിയ ശേഷവും ഡിസ്ചാര്‍ജ്ജിന് കാലതാമസം നേരിടുമ്പോള്‍ ഓരോ മാസവും എന്‍എച്ച്എസിന് 220 മില്ല്യണ്‍ പൗണ്ട് അധിക ചെലവ് നേരിടുന്നതായി എന്‍എച്ച്എസ് ഇംഗ്ലണ്ട് വെളിപ്പെടുത്തി. ശരാശരി ഒരു രാത്രിക്ക് 562 പൗണ്ടാണ് നിരക്ക്.
സെപ്റ്റംബറില്‍ മാത്രം 390,960 രോഗികള്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശിച്ച ചികിത്സാ കാലയളവ് കഴിഞ്ഞും ആശുപത്രികളില്‍ തുടര്‍ന്നു. അതായത് ഓരോ രാത്രിയും ശരാശരി 13,032 പേര്‍ ആശുപത്രി ബെഡുകള്‍ കൈയടക്കി വെച്ചുവെന്നാണ്. ഏഴിലൊന്ന് അക്യൂട്ട് ഹോസ്പിറ്റല്‍ ബെഡുകളാണ് ചികിത്സ കഴിഞ്ഞവര്‍ പ്രയോജനപ്പെടുത്തിയത്.
ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് തുടര്‍പരിചരണം ഉറപ്പാക്കാന്‍ കാലതാമസം നേരിടുന്നതാണ് പ്രധാന ബുദ്ധിമുട്ട്. കെയര്‍ ഹോമിലോ, ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്ക് ഇതനുസരിച്ചുള്ള പിന്തുണയോ ലഭ്യമാക്കാന്‍ സാധിക്കുന്നില്ല. അതേസമയം പുതിയ രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയാത്തതിന്റെ ചെലവുകളും, നഷ്ടവും ഈ കണക്കുകളില്‍ ഉള്‍പ്പെടുന്നില്ല.
ആശുപത്രി വാസത്തിന്റെ ദൈര്‍ഘ്യമേറുന്നത് ഇന്‍ഫെക്ഷന്‍ സാധ്യതകളും, പ്രഷര്‍ മൂലമുള്ള മുറിവുകളും, ആരോഗ്യം തിരികെ നേടുന്നത് ബുദ്ധിമുട്ടുമാക്കി മാറ്റുന്നുണ്ട്. ഈ തോതില്‍ രോഗികളുടെ ഡിസ്ചാര്‍ജ്ജ് വൈകിയാല്‍ പ്രതിവര്‍ഷം 2.6 ബില്ല്യണ്‍ പൗണ്ടാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്ന അനാവശ്യ ചെലവ്.