പല വര്‍ഷങ്ങളായി ബ്രിട്ടന്റെ രഹസ്യഫയലുകള്‍ ചൈന സസുഖം മോഷ്ടിച്ച് വന്നതായി വെളിപ്പെടുത്തല്‍. വൈറ്റ്ഹാള്‍ കംപ്യൂട്ടര്‍ സിസ്റ്റങ്ങള്‍ ഉപയോഗിച്ചാണ് രഹസ്യ രേഖകള്‍ ചൈനയിലേക്ക് കടത്തിയത്. അതീവരഹസ്യമായി പ്രഖ്യാപിച്ച പ്രൊജക്ടുകള്‍ സംബന്ധിച്ച് ഗവണ്‍മെന്റ് വകുപ്പുകള്‍ തമ്മില്‍ ആശയവിനിമയം നടത്താന്‍ ഒരു ഡാറ്റാ ഹബ്ബ് പ്രത്യേകമായി ഉപയോഗിച്ചിരുന്നു.
എന്നാല്‍ ഈ ഡാറ്റാ ഹബ്ബിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയെ വാങ്ങാന്‍ ചൈനയെ അനുവദിച്ചതാണ് ഇതിന് വഴിയൊരുക്കിയ അബദ്ധം. കമ്മ്യൂണിറ്റ് ഭരണകൂടം വന്‍തോതില്‍ രേഖകല്‍ കൈക്കലാക്കിയെന്നാണ് മുന്‍ നം.10 സഹായി ഡൊമനിക് കുമ്മിംഗ്‌സിന്റെ വെളിപ്പെടുത്തല്‍. അതേസമയം ചോര്‍ച്ച സംബന്ധിച്ച് തിരിച്ചറിഞ്ഞതോടെ വൈറ്റ്ഹാളിലെ പതിവ് രീതിയില്‍ ഇത് കുഴിച്ചുമൂടുകയും ചെയ്‌തെന്നാണ് ബോറിസ് ജോണ്‍സന്റെ മുന്‍ മുഖ്യ ഉപദേശകന്‍ ആരോപിക്കുന്നത്.
ഇതിനിടെ ബീജിംഗിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതായി ആരോപിക്കപ്പെട്ട രണ്ട് പുരുഷന്‍മാര്‍ക്ക് എതിരായ കേസുകള്‍ കോടതിയില്‍ പരാജയപ്പെട്ടിരുന്നു. ഇതില്‍ ഗവണ്‍മെന്റിന്റെ പങ്ക് സംബന്ധിച്ച ചോദ്യശരങ്ങള്‍ നേരിടുകയാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ ക്ഷീണിതമാകുന്ന ഘട്ടത്തില്‍ ഉതേജനമേകാന്‍ ചൈനയെ ആശ്ലേഷിക്കാനുള്ള തിടുക്കത്തിലാണ് ലേബര്‍.
ചാരവൃത്തി നടന്നതായി വ്യക്തമായതോടെ ഈ നടപടികളില്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ സമ്മര്‍ദം ശക്തമാണ്. മുന്‍ പാര്‍ലമെന്ററി റിസേര്‍ച്ചര്‍ ക്രിസ് ക്യാഷ്, സുഹൃത്ത് ക്രിസ്റ്റഫര്‍ ബെറി എന്നിവര്‍ക്കെതിരായ കേസ് കഴിഞ്ഞ മാസമാണ് ഉപേക്ഷിച്ചത്. ഇത് കടുത്ത രാഷ്ട്രീയ തര്‍ക്കത്തിലേക്കാണ് നയിച്ചത്. ചൈനയെ ബ്രിട്ടന്റെ ശത്രുരാജ്യമായി കണക്കാക്കാന്‍ കഴിയില്ലെന്ന ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ മാറ്റ് കോളിന്‍സിന്റെ നിലപാടാണ് ശിക്ഷ ഒഴിവാക്കിയതെന്നാണ് പബ്ലിക് പ്രൊസിക്യൂഷന്‍സ് ഡയറക്ടര്‍ സ്റ്റീഫന്‍ പാര്‍ക്കിന്‍സണ്‍ ചൂണ്ടിക്കാണിക്കുന്നത്.